ഗാന്ധിജിയുടെ വട്ട കണ്ണട ബ്രിട്ടനിൽ ലേലത്തിന് പോയത് 2.60 ലക്ഷം പൗണ്ടിന്.....!; ലേലത്തിൽ പിടിച്ചത് അമേരിക്കക്കാരൻ

നൂറു വർഷത്തിലേറെ പഴക്കമുള്ള മഹാത്മാ ഗാന്ധിജിയുടെ വട്ട കണ്ണട ബ്രിട്ടനിലെ ലേലത്തിൽ വിറ്റത് രണ്ടര കോടി രൂപയ്ക്കാണ്. കേൾക്കുമ്പോൾ വിശ്വസിക്കാനുകുന്നില്ലേ.....? സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഹൻഹാമിലെ ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻ ഹൗസാണ് ഇത്തരത്തിലൊരു റെക്കോഡ് സ്വന്തമാക്കിയ ലേലത്തിന് സാക്ഷ്യം വഹിച്ചത്.
ഇന്നലെ ബ്രിസ്റ്റോളിലെ ഓക്‌ഷൻ ഹൗസിൽനിന്നും അമേരിക്കക്കാരനായ ഒരാൾ ഗാന്ധിജിയുടെ സ്വർണനിറമുള്ള കണ്ണട ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കുകയായിരുന്നു. 2.60 ലക്ഷം പൗണ്ടാണ് അമേരിക്കക്കാരനായ ഇയാൾ ഓൺലൈൻ ബിഡ്ഡിങ്ങിൽ കണ്ണടയ്ക്കു വിലയിട്ടത്, ഇന്ത്യൻ രൂപ ഏകദേശം 2.5 കോടി രൂപയോളം വരും ഇത്. 15000 പൗണ്ട് (പത്തുമുതൽ-പതിനാല് ലക്ഷം രൂപ) വരെയാണ് ലേലത്തുക പ്രതീക്ഷിച്ചിരുന്നത്.
സ്വാതന്ത്ര്യസമരത്തിലേക്ക് കേരളത്തെ കൈപിടിച്ചുയർത്തിയ ആ ഗാന്ധിയാത്രയ്ക്ക് 100 വയസ്സ് പിന്നിടുമ്പോൾ ബ്രിസ്റ്റോൾ ഓക്‌ഷൻ ഹൗസിൽ ഇതുവരെയുള്ള റെക്കോർഡ് തുകയാണു ഗാന്ധിജിയുടെ വട്ടക്കണ്ണടയ്ക്കു ലഭിച്ചതെന്ന് ഓക്‌ഷണിയർ ആൻഡ്രൂ സ്റ്റോവ് വ്യക്തമാക്കുന്നു. തുകയേക്കാളുപരി ഈ ലേലം ചരിത്രപ്രാധാന്യം ഏറിയതായതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
'അത്ഭുകരമായ ഒരു ഫലം തന്നെയാണ് ഞങ്ങൾക്ക് ലഭിച്ചത്.. ഇത് വെറുമൊരു ലേലറെക്കോഡ് മാത്രമല്ല ഞങ്ങൾക്ക്.. അന്താരാഷ്ര്ട തലത്തിൽ ചരിത്ര പ്രധാനമായ ഒരു കണ്ടെത്തൽ കൂടിയാണ് എന്നാണ് ഓക്ഷന്‍ ഹൗസ് ഉടമ സ്റ്റീവിന്‍റെ വാക്കുകൾ. രണ്ടാഴ്ച മുമ്പാണ് ഇവിടുത്തെ മെയിൽ ബോക്സിൽ കവറിൽ പൊതിഞ്ഞ നിലയിൽ കണ്ണട ലഭിക്കുന്നത്. കണ്ണടയ്ക്ക് ഇത്രയും വലിയൊരു ചരിത്രം ഉണ്ടെന്നറിഞ്ഞപ്പോൾ അതിശയിച്ചു പോയി എന്നായിരുന്നു അന്ന് സ്റ്റീവിന്‍റെ വാക്കുകൾ. 'ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു കണ്ടെത്തലാണിത്.. ഇത് നൽകിയ ആൾ രസകരമായി വസ്തു എന്ന നിലയ്ക്കാണ് ഇതിവിടെ നിക്ഷേപിച്ചത്.. അതിന്‍റെ മൂല്യം അറിഞ്ഞിരുന്നില്ല.. ഗുണമില്ലാത്തതാണെങ്കിൽ വലിച്ചെറിയാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.. എന്നാൽ ഇതിന്‍റെ മൂല്യം അറിയിച്ചപ്പോൾ അദ്ദേഹം കസേരയിൽ വീണു പോയി.. ഇത് ശരിക്കും മികച്ച ഒരു ലേല കഥ തന്നെയാണ്' സ്റ്റീവ് പറഞ്ഞു
ബ്രിസ്റ്റോൾ മാംഗോട്സ് ഫീൽഡിലെ വൃദ്ധനായ ഒരാളായിരുന്നു കണ്ണടയുടെ ഉടമ. ലേലത്തിൽ കിട്ടിയ വൻ തുക മകൾക്കൊപ്പം വീതിച്ചെടുക്കാനാണു ഇയാളുടെ തീരുമാനം. ഇദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചിരുന്നതാണ് ഗാന്ധിജിയിൽനിന്നും സമ്മാനമായി ലഭിച്ച ഈ കണ്ണട. കുടുബത്തിലെ ഒരാൾ 1920 ൽ സൗത്ത് ആഫ്രിക്കയിൽ വച്ച് ഗാന്ധിജിയെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് സമ്മാനമായി നൽകിയതാണ് ഈ കണ്ണട എന്നാണ് അറിവ്. എന്നാൽ ഇത് ആരാണെന്ന് ഉടമയ്ക്കു വ്യക്തമായി അറിയില്ല. ഈ മാസം ഒൻപതിന് ഈസ്റ്റ് ബ്രിസ്റ്റോളിലെ ഓക്‌ഷൻ സെന്ററിന്റെ ലെറ്റർ ബോക്സിൽ വെളുത്ത ഒരു കവറിലാക്കിയാണ് ഉടമ കണ്ണട നിക്ഷേപിച്ചിരുന്നത്. ഇത് ഗാന്ധിജിയുടേതാണ്, എന്നെ വിളിക്കുക എന്നൊരു കുറിപ്പുമുണ്ടായിരുന്നു. വെള്ളിയാഴ്ച നിക്ഷേപിച്ച കണ്ണട തിങ്കളാഴ്ചയാണു ശ്രദ്ധയിൽ പെട്ടത്. അന്നുതന്നെ ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
അതേസമയം ചരിത്രരേഖകളിൽ ഗാന്ധിജി കണ്ണട ധരിച്ചു തുടങ്ങിയ വർഷം പരിശോധിക്കുമ്പോൾ ഇത് അദ്ദേഹത്തിന്റെ ആദ്യകാല കണ്ണടകളിൽ ഒന്നായിരിക്കും എന്നാണ് ഓക്‌ഷൻ ഹൗസ് അവകാശപ്പെടുന്നത്. തങ്ങൾ കണ്ണട പരിശോധിച്ചതായും അതിന്‍റെ കാലഘട്ടവും ഉടമ പറഞ്ഞ കാര്യവും ശരിയാണെന്ന് ബോധ്യപ്പെട്ടതായും സ്റ്റീവ് പറയുന്നു. എൺപതുകാരനായ ആ വയോധികന് ഇക്കാര്യത്തിൽ നുണ പറയേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























