ബെയ്‌റൂട്ടില്‍ സ്‌ഫോടനം നടന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ക്കിടയില്‍ നിന്നു കേട്ട ഹൃദയസ്പന്ദനത്തിന് ഉടമയില്ല!

ഒരു മാസം മുന്‍പു ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഫ്‌ലാഷ് എന്ന നായ 'മണത്തറിഞ്ഞ' ഹൃദയസ്പന്ദനത്തിന് ഉടമയില്ല! ചില്ലുകഷണങ്ങള്‍ കൊണ്ടുകയറാതിരിക്കാനുള്ള ചുവന്ന ഷൂവിട്ട്, ഒരു വലിയ ചുമതലയേറ്റെടുത്തതിന്റെ ഗൗരവത്തോടെ മണം പിടിച്ചു നടന്ന ഫ്‌ലാഷിന്റെ സംശയത്തിന് ഉത്തരം കിട്ടിയില്ല.
ക്രെയിനും മണ്‍വെട്ടിയും ഉപയോഗിച്ചും ആകാവുന്നിടത്തോളം കല്ലും മണ്ണും കൈ കൊണ്ടു നീക്കിയും രക്ഷാപ്രവര്‍ത്തകര്‍ നടത്തിവന്ന തിരച്ചില്‍ ഇന്നലെ നിരാശയോടെ അവസാനിപ്പിച്ചു. ആരെയും തന്നെ കണ്ടെത്താനായില്ല. അങ്ങനെ മാര്‍ മിഖെയ്ല്‍ ജില്ലയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വ്യാഴാഴ്ച മുതല്‍ നടത്തി വന്ന തിരച്ചില്‍ പരാജയപ്പെട്ടു.'ബോര്‍ഡര്‍ കോളി' ഇനത്തിലെ നായയുടെ കണ്ടെത്തല്‍ ലെബനനു മുഴുവന്‍ പ്രതീക്ഷയായി മാറിയിരുന്നു.
'ടോപോസ് ചിലെ' രക്ഷാപ്രവര്‍ത്തക സംഘത്തിന്റെ ഹൃദയസ്പന്ദനം പിടിച്ചെടുക്കാനുള്ള സാങ്കേതികസംവിധാനം പ്രവര്‍ത്തിപ്പിച്ചപ്പോള്‍, ഒരു മൊട്ടുസൂചി താഴെ വീഴാല്‍ പോലും കേള്‍ക്കാന്‍ മാത്രം നിശ്ശബ്ദതയില്‍ പ്രത്യാശയോടെ കാത്തിരിക്കുകയായിരുന്നു തെരുവിലെ ജനക്കൂട്ടം.
ബെയ്‌റൂട്ടില്‍ ഓഗസ്റ്റ് നാലിനുണ്ടായ സ്‌ഫോടനത്തില്‍ 191 പേരാണു കൊല്ലപ്പെട്ടത്. 7 പേരെ കാണാതായി.
https://www.facebook.com/Malayalivartha



























