പ്രവാസി യാത്രക്കാരെ ഞെട്ടിച്ച് എമിറേറ്റ്‌സ്; കോവിഡ കാരണം യാത്ര മുടങ്ങിയവർക്ക് എമിറേറ്റ്‌സ് തിരികെനൽകിയത് 500 കോടി ദിർഹം

കോവിഡ് പ്രതിസന്ധിയിൽ യാത്രകൾ മുടങ്ങിയ ഉപഭോക്താക്കൾക്ക് എമിറേറ്റ്‌സ് എയർലൈൻസ് 500 കോടി ദിർഹം തിരികെ നൽകി. റീഫണ്ടിനായി ലഭിച്ച അപേക്ഷകളിൽ 90 ശതമാനവും തീർപ്പാക്കിയതായി എമിറേറ്റ്‌സ് എയർലൈൻസ് പ്രസിഡന്റ് ടിം ക്ലാർക്ക് പറഞ്ഞു. മാർച്ച് മുതൽ 14 ലക്ഷത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. ജൂൺ അവസാനംവരെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ലഭിച്ച അപേക്ഷകളുടെ കണക്കുകളാണിത്. പരിഹാരം കാണേണ്ട കുറച്ച് അപേക്ഷകൾകൂടി ബാക്കിയുണ്ട്. ഇവ ഓരോന്നായി പരിശോധിച്ച് തീർപ്പാക്കും. കോവിഡ് വ്യാപനത്തെത്തുടർന്ന് വിമാനങ്ങൾ റദ്ദായതും വിമാനത്താവളങ്ങൾ അടച്ചിട്ടതും ഉൾപ്പെടെയുള്ള കാരണങ്ങൾകൊണ്ട് യാത്ര മുടങ്ങിയവർക്ക് തിരികെ നൽകിയ പണമാണിതെന്നും കമ്പനി അറിയിച്ചു. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ പണം തിരികെ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് എമിറേറ്റ്‌സ് അധിക ജീവനക്കാരെ നിയമിച്ചിരുന്നു. ട്രാവൽ ഏജന്റുമാരെയടക്കം ഭാഗമാക്കി വിപുലമായ സംവിധാനങ്ങളാണ് തയ്യാറാക്കിയിരുന്നത്.
കോവിഡ് പ്രതിസന്ധിയിൽ ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം ഒക്ടോബർ മുതൽ പുനഃസ്ഥാപിക്കുമെന്നും എയർലൈൻ അധികൃതർ അറിയിച്ചു. ജീവനക്കാർക്ക് കമ്പനി സി.ഇ.ഒ. അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. കോവിഡ് വ്യാപനംമൂലം വിമാനസർവീസുകൾ പലതും നിർത്തലാക്കിയതോടെയാണ് ജീവനക്കാരുടെ ശമ്പളവും എമിറേറ്റ്‌സ് കുറച്ചത്. ഒപ്പം ചില ജീവനക്കാരോട് ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പ്രവേശിക്കാനും നിർദേശിച്ചിരുന്നു. ഇതിനുപുറമെ പുതിയ റിക്രൂട്ട്‌മെന്റുകളും നിർത്തി. പതിയമാറ്റങ്ങൾ എയർലൈൻ മേഖല മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.
വിവിധ രാജ്യങ്ങളിൽ വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിച്ചതോടെ എമിറേറ്റ്‌സ് സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. കോവിഡ് മുൻകരുതൽ നടപടികളോടെ സുരക്ഷിതവും സുഗമവുമായ യാത്രാനുഭവമാണ് എമിറേറ്റ്‌സ് ഒരുക്കുന്നത്. ഇപ്പോൾ 80 നഗരങ്ങളിലേക്ക് സർവീസുകളുണ്ട്. 2021-ൽ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും വിമാനങ്ങൾ പുനഃരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. ഏതായാലും പ്രവാസി യാത്രക്കാരെ അത്യന്തം ഞെട്ടിച്ചു കൊണ്ടുള്ള തീരുമാനമാണ് എമിറേറ്റ്സ് എടുത്തിരിക്കുന്നത് എന്ന് പറയാതെ വയ്യ.
https://www.facebook.com/Malayalivartha



























