ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന് പ്രവിശ്യാ പദവി: അനധികൃത കയ്യേറ്റം മറച്ചുവയ്ക്കാനുള്ള പാക്ക് ശ്രമമെന്ന് നടപടിയെ ചെറുത്ത് ഇന്ത്യ

ഗില്‍ഗിത്- ബാള്‍ട്ടിസ്ഥാന് പ്രവിശ്യാപദവി നല്‍കുന്നതായുള്ള പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രഖ്യാപനം അവരുടെ അനധികൃത കയ്യേറ്റം മറച്ചുവയ്ക്കാനാണെന്ന് ഇന്ത്യ. ശനിയാഴ്ച വൈകിട്ടാണു പ്രവിശ്യാപദവി നല്‍കുന്നതായി പ്രഖ്യാപനമുണ്ടായത്. അഞ്ചാമത്തെ പ്രവിശ്യയായി ഗില്‍ഗിത്- ബാള്‍ട്ടിസ്ഥാനു പേരു നല്‍കാനുള്ള പാക്ക് ശ്രമത്തെ ചെറുത്ത് ഇന്ത്യ.
1947 മുതല്‍, ജമ്മു കശ്മീരിന്റെ ഭാഗമായ ഗില്‍ഗിത് - ബാള്‍ട്ടിസ്ഥാന്‍ പാക്കിസ്ഥാന്‍ അനധികൃതമായി കയ്യേറിയിരിക്കുകയാണ്. ഈ പ്രദേശത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ ഈ വര്‍ഷമാദ്യം പാക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഭാഗികമായി സ്വയംഭരണാധികാരമുള്ള ഇവിടെ ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് മറികടന്ന് നവംബര്‍ 15-ന് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് പാക്ക് സര്‍ക്കാര്‍.
'ഗില്‍ഗിത് - ബാള്‍ട്ടിസ്ഥാന്‍ എന്ന് വിളിക്കപ്പെടുന്ന പ്രദേശം ഉള്‍പ്പെടുന്ന കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇവിടെ താമസിക്കുന്നവര്‍ വര്‍ഷങ്ങളായി നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും സ്വാതന്ത്ര്യ നിഷേധവും മറച്ചു വയ്ക്കാനാകില്ല. അനധികൃതവും നിര്‍ബന്ധിതവുമായ അധിനിവേശത്തിലൂടെ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശത്ത് ഭൗതികമായി മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള പാക്ക് ശ്രമത്തെ ശക്തമായി പ്രതിരോധിക്കും. കയ്യേറിയ പ്രദേശങ്ങളില്‍നിന്ന് പാക്കിസ്ഥാന്‍ എത്രയും പെട്ടെന്ന് ഒഴിയണം.'- വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















