ചൈനയുമായുള്ള ബന്ധവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുമായുള്ള ബന്ധം മോസ്കോയ്ക്ക് വളരെ വിലപ്പെട്ടത്; ഇന്ത്യ ആ നടപടി എടുത്തേക്കുമെന്ന് സൂചന, ചൈനയും ആയി സഖ്യത്തിന് ഇല്ല എന്ന് തുറന്നു പറഞ്ഞ് റഷ്യ

വിദേശ ബന്ധങ്ങളിൽ ഇത്രയും സുസ്ഥിരമായ സൗഹൃദത്തിന്റെ കാര്യത്തിൽ, ഇന്ത്യയെയും റഷ്യയെയും പോലെ നിശ്ചയ ദാർഢ്യത്തോടെ ആരും കടന്നു പോയിട്ടില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് മോസ്കൊ. റഷ്യയും ചൈനയും തമ്മിൽ ഒരു സൈനിക സഖ്യത്തിന്റെ ആവശ്യമില്ലെന്ന് അടുത്തിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. എന്നാൽ ഏറ്റവും ഒടുവിലായി പുറത്തു വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ചൈനയുമായുള്ള ബന്ധവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുമായുള്ള ബന്ധം മോസ്കോയ്ക്ക് വളരെ വിലപ്പെട്ടതാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റഷ്യൻ ബുദ്ധികേന്ദ്രങ്ങൾ
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഈ വിഷയത്തിൽ നടത്തിയ അഭിപ്രായങ്ങൾ വളരെ ഹ്രസ്വം ആയിരുന്നുവെങ്കിലും കാർനെഗി മോസ്കോ സെന്റർ ഡയറക്ടർ ദിമിത്രി ട്രെനിൻ ഈ വിഷയത്തിൽ വിശദമായ റഷ്യൻ കാഴ്ചപ്പാട് തന്നെ നൽകിയിട്ടുണ്ട്. റഷ്യയുടെ മറ്റ് പരമ്പരാഗത പങ്കാളികളെ പ്രത്യേകിച്ചും ഇന്ത്യയെ അമേരിക്കയുമായി കൂടുതൽ അടുക്കാൻ പ്രേരിപ്പിക്കുന്നതിനാൽ ബീജിംഗുമായി യാതൊരു വിധത്തിലും ഉള്ള ഔദ്യോഗിക സൈനിക കരാറുകളിലും ഏർപ്പെടുന്നത് അപ്രായോഗികവും പ്രതികൂലവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി .
ഇറ്റാർ ടാസ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്തതു പ്രകാരം , ട്രെനിൻ പ്രസ്താവിച്ചത് ഇങ്ങനെയാണ് : “റഷ്യ ഇപ്പോൾ അമേരിക്കയ്‌ക്കെതിരെ ചൈനയുമായി യാതൊരു വിധത്തിലും ഉള്ള ഔദ്യോഗിക സൈനിക സഖ്യം നടത്തുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതില്ല . ഇത്തരത്തിലുള്ള ഏതൊരു പങ്കാളിത്തവും ഇരു പാർട്ടികളുടെയും കൈകൾ കൂട്ടി കെട്ടുന്നതിനു സമാനം ആയിരിക്കുകയും അയൽവാസികളെ ഭയപ്പെടുത്തുകയും ചെയ്യും, പ്രത്യേകിച്ചും ഇന്ത്യയെ, ഇതോടു കൂടി റഷ്യയുമായുള്ള പങ്കാളിത്തം ഉപേക്ഷിക്കാനും യുഎസുമായി സഹകരിക്കാനും ഇന്ത്യ നിർബന്ധിതരാകാനും വഴിയുണ്ട്. അതായതു ചൈനയുമായുള്ള ഏതൊരു പങ്കാളിത്തവും ഇന്ത്യയെ അമേരിക്കയും ആയി കൂടുതൽ അടുപ്പിക്കാൻ കാരണം ആകും.
ചൈന പോയാലും ശരി ഇന്ത്യ അങ്ങനെ പോകുന്നതിന് റഷ്യക്ക് താല്പര്യം ഇല്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്നിരുന്നാലും, ഇത് മാത്രമല്ല കാരണം. അതിർത്തി തർക്കമായാലും റഷ്യൻ ഫാർ ഈസ്റ്റിലേക്കും വ്ലാഡിവോസ്റ്റോക്കിലേക്കുമുള്ള ചൈനയുടെ അവകാശവാദമായാലും മോസ്കോയും ബീജിംഗും തമ്മിൽ പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്നങ്ങളുണ്ട്. പ്രസിഡന്റ് പുടിൻ ഒരു യാഥാർഥ്യ വാദിയാണ് , ചൈനയുമായുള്ള ഏത് സൈനിക സഖ്യവും റഷ്യയെ കൂടുതൽ ഒറ്റപ്പെട്ട ഒരു കോണിലേക്ക് നയിക്കും എന്ന് പുട്ടിന് നന്നായി അറിയാം. മാത്രമല്ല ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനത്തിനു കീഴിൽ നിൽക്കാൻ ഇത് രാജ്യത്തെ നിർബന്ധിതമാക്കും . ആരുടെയെങ്കിലും കീഴിൽ രണ്ടാമനായി പ്രവർത്തിക്കാൻ റഷ്യൻ പ്രെസിഡന്റ് വ്‌ളാഡിമിർ പുടിൻ എപ്പോഴെങ്കിലും എന്തെങ്കിലും സാഹചര്യത്തിൽ തയ്യാറാകും എന്ന് സ്ഥിര ബുദ്ധിയുള്ള ആരും ചിന്തിക്കുകയില്ല . ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതിയോടുള്ള റഷ്യയുടെ തണുത്ത പ്രതികരണത്തിൽ ലോകം ഇത് വ്യക്തമായി കണ്ടതാണ്.
മാത്രമല്ല റഷ്യയുടെ കോവിഡ് വാക്‌സിൻ ആയ സ്പുട്നിക് നെതിരെ ലോകാരോഗ്യ സംഘടനയെ ഉപയോഗിച്ച് കളിച്ചത് ചൈന ആണെന്ന് റഷ്യ ഉറച്ചു വിശ്വസിക്കുന്നുണ്ട്. മാത്രമല്ല വ്ലാഡിവോസ്റ്റോക്കിന്റെയും റഷ്യയിലെ മറ്റ് വിദൂര കിഴക്കൻ പ്രദേശങ്ങളുടെയും അവകാശവാദങ്ങൾ ചൈന വീണ്ടും അവതരിപ്പിച്ചതും മോസ്കോയെ ആശങ്കപ്പെടുത്തുന്നുണ്ട് . അതിനാൽ, വിദൂര കിഴക്കൻ രാജ്യങ്ങളിൽ റഷ്യ തങ്ങളുടെ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സമയത്ത്, അവരുടെ അതിർത്തികൾ ക്ക് ഭീഷണി ഉയർത്തുന്ന അതേ രാജ്യവുമായി ഒരു സൈനിക സൈനിക സഖ്യം ഉണ്ടാക്കാൻ റഷ്യക്ക് എങ്ങനെ കഴിയും എന്നത് വളരെ നിർണായകമായ ചോദ്യം ആണ്.
റഷ്യൻ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ചൈന പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനാൽ, തീർച്ചയായും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന സൂചന മോസ്കോയും നൽകിയിരുന്നു . ഈയിടെ, കോവിഡ് മഹാമാരിയുടെ സാഹചര്യം പ്രയോജനപ്പെടുത്തി കൊണ്ട് കരയിൽ നിന്നും ഉപയോഗിക്കാൻ കഴിയുന്ന മിസൈൽ വ്യോമ പ്രതിരോധ സംവിധാനം എസ് -400 ചൈനക്ക് കൊടുക്കുന്നത് നിർത്തിവച്ചിരുന്നു. ബീജിംഗ് ചാരപ്പണി നടത്തിയെന്ന് റഷ്യ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിരോധനം റഷ്യ നടപ്പിലാക്കിയത്.
പ്രസിഡന്റ് പുടിൻ ചൈനയെ ഒരു വശത്തേക്ക് മാറ്റി നിർത്തുകയും ചൈനീസ് പ്രെസിഡന്റ് ഷി ജിൻപിങ്ങിന് ഏറ്റവും കൃത്യമായ സന്ദേശം തന്നെ നൽകുകയും ആണ് ചെയ്തത്. മാത്രമല്ല സുരക്ഷയെ അടിസ്ഥാനമാക്കിയുള്ള ബന്ധത്തോടുള്ള മോസ്കോയുടെ പ്രതിബദ്ധത കണക്കിലെടുത്ത് ഇന്ത്യയും ആയുള്ള ബന്ധം മാറ്റി മറിക്കാൻ ചൈനക്ക് ഒരു തരത്തിലും ആകില്ല എന്നും അദ്ദേഹം വ്യക്തമാക്കുകയാണ് ചെയ്യുനത്.
അതെ സമയം ഇന്ത്യ ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗിന്റെ നിർദ്ദേശ പ്രകാരം ഇന്ത്യക്ക് വേണ്ട സൈനിക ഉപകരണങ്ങളുടെ ലഭ്യത വേഗത്തിലാക്കും എന്ന് റഷ്യ ഉറപ്പ് നൽകിയിരുന്നു. മാർച്ച് രണ്ടായിരത്തി ഇരുപത്തി ഒന്നൊട് കൂടി ഇന്ത്യ ആവശ്യപ്പെട്ട സൈനിക ആയുധങ്ങൾ ലഭ്യമാകും എന്ന ഉറപ്പാണ് റഷ്യ നൽകിയത്.
നിലവിലുള്ള 59 മിഗ് -29 വിമാനങ്ങളുടെ നവീകരണത്തോടൊപ്പം 21 മിഗ് -29, 12 സു -30 എംകെഐ വിമാനങ്ങൾ വാങ്ങുന്നതിനുള്ള നിർദ്ദേശത്തിന് ജൂലൈയിൽ ന്യൂഡൽഹി അംഗീകാരം നൽകിയിരുന്നു. ചൈനയുടെ കടുത്ത എതിർപ്പിനിടയിലും ഇന്ത്യയും ആയുള്ള പ്രതിരോധ ഇടപാടുകളുമായി റഷ്യ മുന്നോട്ട് പോവുകയാണ്. ഇതൊക്കെ കാണിക്കുന്നത് റഷ്യ ഒരിക്കലും ചൈനയുടെ സൈനിക സഖ്യകക്ഷിയാകില്ല എന്ന് തന്നെയാണ് . ഇന്ത്യയുമായുള്ള പ്രതിരോധ പ്രതിജ്ഞാബദ്ധത റഷ്യ പിന്തുടരുമ്പോൾ ചാര പ്രവർത്തനത്തിന്റെയും, ബൗദ്ധിക സ്വത്തവകാശങ്ങൾ കാറ്റിൽ പറത്തി കൊണ്ട് റഷ്യൻ സാങ്കേതിക വിദ്യ അവരുടെ സമ്മതം ഇല്ലാതെ പകർപ്പ് ഉണ്ടാക്കുന്നതിന്റെയും പശ്ചാത്തലത്തിൽ ചൈനയ്ക്ക്കുള്ള എസ് -400 മിസൈലുകളുടെ വിതരണം റഷ്യ നിർത്തി വയ്ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു . മാത്രമല്ല ഇപ്പോൾ റഷ്യൻ ബുദ്ധി കേന്ദ്രങ്ങളിൽ നിന്നും പുറത്തു വന്നിരിക്കുന്ന വിശദീകരണവും കൂടെ ചേർത്ത് വായിക്കുമ്പോൾ റഷ്യക്ക് ചൈനയേക്കാൾ ഇന്ത്യയുമായുള്ള ബന്ധം തന്നെയാണ് പ്രധാനമാണെന്ന് വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha






















