ഇറാനിയൻ ശാസ്ത്രജ്ഞൻ മുഹ്സെൻ ഫക്രിസാദെഹ് കഴിഞ്ഞദിവസം ടെഹ്‌റാൻ പ്രാന്തപ്രദേശത്തു വധിക്കപ്പെട്ടതോടെ ഇറാനും ഇസ്രയേലും തമ്മിൽ പുതിയ പോർമുഖം തുറന്നു ;ആശങ്കയിൽ ലോകം

രാജ്യത്തെ ആണവ പദ്ധതിയുടെ പരമോന്നത നേതാവായ ഇറാനിയൻ ശാസ്ത്രജ്ഞൻ മുഹ്സെൻ ഫക്രിസാദെഹ് കഴിഞ്ഞദിവസം ടെഹ്‌റാൻ പ്രാന്തപ്രദേശത്തു വധിക്കപ്പെട്ടതോടെ ഇറാനും ഇസ്രയേലും തമ്മിൽ പുതിയ പോർമുഖം തുറന്നു. ഫക്രിസാദെഹിന്റെ കൊലപാതകത്തിൽ ഇസ്രയേലിനുള്ള പങ്കിന്റെ ഗുരുതര സൂചനകളാണു പുറത്തുവരുന്നതെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ആരോപിച്ചത്. ഒരു പതിറ്റാണ്ടു മുൻപ് നിരവധി ഇറാനിയൻ ആണവ ശാസ്ത്രജ്ഞരെ വകവരുത്തിയതായി സംശയിക്കുന്ന ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.എങ്കിലും രണ്ടു രാജ്യങ്ങൾക്കിടയിലും സംഘർഷം മുറുകാൻ സംഭവം കാരണമാകുമെന്നാണു നയതന്ത്ര, പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. പൊതുചടങ്ങിൽ സംസാരിക്കവേ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഒരിക്കൽ ഫക്രിസാദെഹിനെക്കുറിച്ച് പറഞ്ഞത്, ‘ആ പേര് ഓർത്തിരിക്കണം’ എന്നതാണെന്ന് കാര്യങ്ങളുടെ ഗൗരവം കൂട്ടുന്നു. യൂണിവേഴ്സിറ്റി ഫിസിക്സ് പ്രഫസർ എന്നാണ് ഇറാൻ എപ്പോഴും അദ്ദേഹത്തെ വിശേഷിപ്പിച്ചതെങ്കിലും പുറംലോകം അങ്ങനെയായിരുന്നില്ല കണ്ടതെന്നു കൊലപാതകത്തോടെ കൂടുതൽ വ്യക്തമാകുന്നു.
ഇറാന്റെ റവല്യൂഷനറി ഗാർഡിലെ അംഗമായ ഫക്രിസാദെഹ് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പങ്കെടുത്ത യോഗങ്ങളുടെ ചിത്രങ്ങളിൽ നിരന്തരം കാണപ്പെട്ടിരുന്ന ഒരാളാണ്. ഇത് അദ്ദേഹത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. തലസ്ഥാനമായ ടെഹ്റാനു കിഴക്ക് അബ്സാർഡ് എന്ന ഗ്രാമത്തിൽ നടന്ന കൊലപാതകത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ സംഭവം നടന്നു മണിക്കൂറുകൾ പിന്നിട്ടിട്ടും പുറത്തുവന്നില്ല. ഫക്രിസാദെഹുമായി പോയ കാറിനു സമീപം സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ച പഴയ ട്രക്ക് പൊട്ടിത്തെറിച്ചു എന്നാണ് ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ അറിയിച്ചത്.കാർ നിർത്തിയപ്പോൾ അഞ്ച് തോക്കുധാരികൾ പ്രത്യക്ഷപ്പെട്ട് വെടിയുതിർത്തു എന്നാണ് അർധ ഔദ്യോഗിക വാർത്താ ഏജൻസി തസ്നിം റിപ്പോർട്ട് ചെയ്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നിയുക്ത യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ ജനുവരിയിൽ സ്ഥാനാരോഹണത്തിന് ഒരുങ്ങുമ്പോഴാണു കൊലപാതകം. ആണവായുധം നിർമിക്കാൻ ഇറാനിൽ വേണ്ടത്ര സമ്പുഷ്ട യുറേനിയം ഇല്ലെന്ന് ഉറപ്പാക്കുന്ന കരാറിനു ബൈഡന്റെ നേതൃത്വത്തിന്റെ ശ്രമിക്കുമെന്ന റിപ്പോർട്ടിന്റെ ഭാവിയെ സങ്കീർണമാക്കുന്നതാണു ഫക്രിസാദെഹിന്റെ വധം.
ഇറാഖിലെ ബഗ്ദാദിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ്സ് (ഐആര്‍ജിസി) കമാൻഡർ ജനറൽ ഖാസിം സുലൈമാനി (62) കൊല്ലപ്പെട്ടത് ഈ വർഷം ജനുവരിയിലാണ്. അന്നു മുതൽ മധ്യപൗരസ്ത്യ മേഖലയിൽ സംഘർഷം രൂക്ഷമാണ്. ഇറാനിലെ ഏറ്റവും കരുത്തനായ സേനാ കമാൻഡറായിരുന്നു സുലൈമാനി. ഇറാന്റെ യുദ്ധക്കണ്ണ് എന്നായിരുന്നു വിശേഷണം. ആയത്തുല്ല അലി ഖമനയി കഴിഞ്ഞാൽ ഏറ്റവും ശക്തൻ. അന്ന് യുഎസ് ആയിരുന്നു പ്രതിസ്ഥാനത്ത് എങ്കിൽ ഇപ്പോൾ അവരുമായി ചേർന്നുനിൽക്കുന്ന ഇസ്രയേൽ ഇറാന്റെ ആണവപിതാവിനെയും ഇല്ലാതാക്കിയിരിക്കുന്നു
ഇറാന്റെ സേനാ വിഭാഗമായ റവല്യൂഷനറി ഗാർഡ്‌സിൽ, വിദേശ സൈനിക നടപടികളുടെയും രഹസ്യാന്വേഷണത്തിന്റെയും ചുമതലയുള്ള ഖുദ്‌സ് ഫോഴ്സിന്റെയും തലവനായിരുന്നു സുലൈമാനി. ഇറാനിൽ വീരനായക പരിവേഷമാണു സുലൈമാനിക്ക്. മരണത്തോടെ അത് അഭൂതപൂർവമാംവിധം വർധിച്ചു. മധ്യപൂർവ ദേശത്ത് ഇറാന്റെ സൈനിക തന്ത്രങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്നു. ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതി വിഭാഗം, ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല ഷിയാ വിഭാഗങ്ങൾ എന്നിവയുടെ കടിഞ്ഞാൺ സുലൈമാനിയുടെ കയ്യിലായിരുന്നു.സിറിയൻ ആഭ്യന്തര യുദ്ധത്തിൽ പ്രസിഡന്റ് ബഷാർ അൽ അസദിനായി ഷിയാ സായുധ വിഭാഗങ്ങളെ രംഗത്തിറക്കി. ഇറാഖിൽ ഐഎസിനെ അമർച്ച ചെയ്തതിലും മുഖ്യപങ്ക് വഹിച്ചു. മധ്യപൂർവദേശത്ത് ഇറാന്റെ കരുത്ത് പ്രകടിപ്പിക്കാനുള്ള എല്ലാ പരോക്ഷ സൈനിക ഇടപെടലുകളുടെയും തലപ്പത്തു സുലൈമാനിയായിരുന്നു. അറബ് വസന്തത്തിന്റെ അലകളിൽ 2011ൽ അധികാര ഭ്രഷ്ടനാകുന്നതിന്റെ വക്കിലെത്തിയ സിറിയ പ്രസിഡന്റ് ബഷാർ അൽ അസദിനെ രക്ഷിച്ചുനിർത്തിയതു സുലൈമാനിയുടെ നേതൃത്വത്തിൽ യുദ്ധക്കളത്തിൽ ഇറാൻ നടത്തിയ ഇടപെടലായിരുന്നു.
https://www.facebook.com/Malayalivartha
























