സ്വന്തം സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തതിന് രണ്ടു ലക്ഷം രൂപ പിഴ?

സ്വന്തം പാര്‍ക്കിംഗ് സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തിട്ടും ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപ പിഴ നല്‍കേണ്ടി വന്നിരിക്കുകയാണ് ഒരു ബ്രിട്ടീഷ് യുവാവിന്. സെന്‍ട്രല്‍ ഇംഗ്ലണ്ട് സിറ്റിയിലെ കവന്ററിയിലാണ് സംഭവം. വീട് വാടകക്ക് എടുത്ത് താമസിച്ചിരുന്ന ഇദ്ദേഹം വീടിന് മുന്നിലായുള്ള പാര്‍ക്കിംഗ് സ്ഥലത്തിനും പ്രത്യേകം പണം അടക്കുന്നുണ്ടായിരുന്നു. എന്നാല്‍ തന്റെ കാറ് വില്‍ക്കുന്ന സമയത്ത് വാഹനത്തിനുള്ളില്‍ നിന്നും പാര്‍ക്കിംഗ് പെര്‍മിറ്റ് എടുക്കാന്‍ മറന്നിടത്ത് നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബന്ധപ്പെട്ട അധികൃതരോട് നഷ്ടപ്പെട്ട പാര്‍ക്കിംഗ് പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പെര്‍മിറ്റ് ലഭ്യമല്ലെന്നും മറ്റൊന്ന് നല്‍കുന്നത് വരെ ഇളവുണ്ടായിരിക്കും എന്നും മെയിന്‍സ്‌റ്റെ റസിഡന്‍ഷ്യല്‍ അറിയിച്ചു. എന്നാല്‍ ഈ ഇളവ് പാര്‍ക്കിംഗ് മാനേജ്‌മെന്റ് കമ്ബനിയായ യുണൈറ്റഡ് കിംഗ്ഡം പാര്‍ക്കിംഗ് കണ്‍ട്രോള്‍ മുഖവിലക്ക് എടുത്തില്ല. സ്വന്തം സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നതിന് ഇവര്‍ ഇദ്ദേഹത്തിന് പിഴ നല്‍കി.
പുതിയ കാര്‍ യുവാവ് വീണ്ടും വിറ്റതോടെ പുതിയ പെര്‍മിറ്റ് വീണ്ടും ആവശ്യമായി വന്നത് സ്ഥിതി പിന്നെയും വഷളാക്കി. പാര്‍ക്കിംഗ് പെര്‍മിറ്റ് നേടുന്നതില്‍ സമാന സ്ഥിതി തുടര്‍ന്നു. പിന്നാലെ മെയിന്‍സ്‌റ്റെ റസിഡന്‍ഷ്യലുമായി യുണൈറ്റഡ് കിംഗ്ഡം പാര്‍ക്കിംഗ് കണ്‍ട്രോളിന് ഉണ്ടായ കരാര്‍ നഷ്ടപ്പെടുകയും ഇത് പാര്‍ക്കിംഗ് കണ്‍ട്രോള്‍ മാനേജ്‌മെന്റ് എന്ന മറ്റൊരു കമ്ബനിക്ക് നല്‍കുകയും ചെയ്തു. ഇതോടെ പ്രശ്‌നം കൂടുതല്‍ ഗുരുതരമായി.
തന്നോട് മാറിയ കമ്ബനിക്ക് അനുസരിച്ച്‌പെര്‍മിറ്റ് പുതുക്കണമെന്ന് ആരും പറഞ്ഞിരുന്നില്ല എന്നും മൂന്ന് ദിവസത്തിനുള്ളില്‍ ഏഴു പിഴകള്‍ ഇതു കാരണം ലഭിച്ചുവെന്നും ഇദ്ദേഹം പറയുന്നു. 'അധികൃതരോട് ഞാന്‍ ഇക്കാര്യം പറയാന്‍ ശ്രമിച്ചിരുന്നു. വിഷയം അവരുടെ സോളിസിറ്ററിന്റെ പരിഗണനയിലേക്ക് വിടുകയാണെന്ന് മാത്രമാണ് അവര്‍ അറിയിച്ചത്. പുതിയ പെര്‍മിറ്റ് ആവശ്യമാണെന്ന് അപ്പോഴും പറഞ്ഞില്ല' പിഴ ലഭിച്ചയാള്‍ വിശദീകരിച്ചു.
'രണ്ട് പാര്‍ക്കിംഗ് കണ്‍ട്രോള്‍ കമ്ബനികള്‍ക്കുമായി 2000 പൗണ്ട് നല്‍കാനാണ് പറഞ്ഞിരിക്കുന്നത്. വലിയ സമ്മര്‍ദ്ദമാണ് ഇതുണ്ടാക്കുന്നതെന്നും പണം ആവശ്യപ്പെട്ട് നിരവധി കത്തുകളാണ് തന്നെ തേടി എത്തിക്കൊണ്ടിരിക്കുന്നതെന്നും യുവാവ് പറഞ്ഞു. തന്നെ കോടതിയില്‍ കയറ്റുമെന്ന് അവര്‍ പറയുന്നതില്‍ നിയമാനുസൃതമായി യാതൊരു അടിസ്ഥാനവുമില്ല. ഒരു വാടകക്കാരന്‍ എന്ന നിലയില്‍ തന്റെ വാടകയില്‍ നിന്ന് ഒരു പങ്ക് എല്ലാ മാസവും പാര്‍ക്കിംഗ് മാനേജ്‌മെന്റ് കമ്ബനിക്ക് നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ ഞാന്‍ അവരുടെ ഉപഭോക്താവാണ്. എന്റെ കാര്യങ്ങള്‍ നോക്കുക എന്നത് അവരുടെ ഉത്തരവാദിത്വമാണ്. എന്റെ പാര്‍ക്കിംഗ് സ്ഥലത്ത് മറ്റുള്ളവര്‍ വരാതെ സംരക്ഷിക്കുക എന്നതാണ് കമ്ബനി ചെയ്യേണ്ടത്. എന്റെ സ്ഥലത്ത് ഞാന്‍ വാഹനം നിര്‍ത്തിയതിന് പിഴ നേരിടുക എന്നത് തീര്‍ത്തും അനാവശ്യമാണെന്ന്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha