ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ കടല്‍ മാര്‍ഗം കാനഡയിലേക്കു കടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തീരദേശ മേഖലകളില്‍ കനത്ത ജാഗ്രത

ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ കടല്‍ മാര്‍ഗം കാനഡയിലേക്കു കടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തീരദേശ മേഖലകളില്‍ കനത്ത ജാഗ്രത. അഭയാര്‍ഥികളെ ഹാര്‍ബറുകളില്‍ എത്തിക്കുന്നതിനായി രണ്ടു വാഹനങ്ങള്‍ സജ്ജമാക്കിയിരുന്നതായും ഇതില്‍ ഒരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതായുമാണ് സൂചന.
പട്രോളിങ് ശക്തമാക്കാനും മുഴുവന്‍ ഉദ്യോഗസ്ഥരും തീരപ്രദേശങ്ങളിലെ പരിശോധനകളില്‍ സജീവമാകാനുമാണ് കോസ്റ്റല്‍ പൊലീസ് ആസ്ഥാനത്തുനിന്ന് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. അഭയാര്‍ഥികളെ ഹാര്‍ബറില്‍ എത്തിക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു വാഹനം പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു വാഹനം കൂടി സമാന കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പിടിച്ചെടുക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
പഴയ ബോട്ടുകള്‍ കച്ചവടം ചെയ്യുന്നവരെ നിരീക്ഷിക്കാനും ഇത്തരത്തില്‍ കച്ചവടം നടത്തുന്ന ബോട്ടുകള്‍ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും നിര്‍ദേശമുണ്ട്. മേജര്‍ പോര്‍ട്ടുകള്‍, ഷിപ്പ് യാര്‍ഡുകള്‍, ഹാര്‍ബറുകള്‍, ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍, ബീച്ചുകള്‍, തീരപ്രദേശത്തുള്ള മതപരമായ സ്ഥാപനങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ലോഡ്ജ്, ഹോംസ്റ്റേ, മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവ നിരീക്ഷിക്കണം.
തീരപ്രദേശങ്ങളിലും കടലിലും സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ കടലോര ജാഗ്രത സമിതി അംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ദേശം നല്‍കണം. സംശയകരമായ സാഹചര്യങ്ങളില്‍ തീരപ്രദേശങ്ങളില്‍ കാണുന്നവരെ നിരീക്ഷിച്ച് മേലധികാരികളെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha























