കോണ്‍ഗ്രസും പിന്തുണച്ചു... കാനഡ വിഷയത്തില്‍ ഇന്ത്യ അതേ നാണയത്തില്‍ ശക്തമായി തിരിച്ചടിച്ചതോടെ കാനഡയ്ക്ക് മനം മാറ്റം; വളരുന്ന ഇന്ത്യയോട് കളിച്ചാല്‍ കളി വലുതാകും; പ്രകോപിപ്പിക്കാനില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; പക്ഷേ ഇന്ത്യ വിഷയം ഗൗരവമായി കാണണം

സൗഹൃദത്തിലായിരുന്ന ഇന്ത്യ കാനഡ ബന്ധം ഒറ്റ നാള്‍ കൊണ്ടാണ് മാറി മറിഞ്ഞത്. കാനഡ വിഷയത്തില്‍ ഇന്ത്യ അതേ നാണയത്തില്‍ ശക്തമായി തിരിച്ചടിച്ചതോടെ കാനഡയ്ക്ക് മനം മാറ്റമുണ്ടായി.
ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കങ്ങള്‍ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കു പങ്കുണ്ടെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ ആരോപിച്ചത്.
എന്നാല്‍ ഇന്ത്യ ഈ വിഷയത്തെ ശരിയായ രീതിയില്‍ അഭിസംബോധന ചെയ്യാന്‍ തയാറാകണമെന്നും ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഗവണ്‍മെന്റ് ഈ വിഷയം അതീവഗൗരവത്തോടെ കാണണം. ഞങ്ങള്‍ വളരെ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നത്. വിഷയം ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നും ജസ്റ്റിന്‍ ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു.
നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു. മുതിര്‍ന്ന കാനഡ നയതന്ത്ര പ്രതിനിധിയെ പുറത്താക്കാന്‍ ഇന്ത്യയും തീരുമാനിച്ചു. നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം കേന്ദ്ര വിദേശകാര്യമന്ത്രാലയം കാനഡയുടെ ഹൈക്കമ്മിഷണറെ അറിയിച്ചു. ഹൈക്കമ്മിഷണറെ രാവിലെ വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ തീരുമാനം അറിയിച്ചത്. പുറത്താക്കുന്ന ഈ നയതന്ത്രജ്ഞന്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നതിനു വിശ്വാസയോഗ്യമായ തെളിവുകള്‍ ലഭിച്ചെന്നായിരുന്നു ട്രൂഡോയുടെ ആരോപണം. ഇന്ത്യയ്ക്കെതിരായ ആരോപണങ്ങള്‍ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു. മാത്രമല്ല, ഖലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് കാനഡ അഭയം നല്‍കുന്നുവെന്ന ആരോപണവും ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്.
കനേഡിയന്‍ സര്‍ക്കാരിന്റെ ആരോപണം നേരത്തെ തന്നെ ഇന്ത്യ നിഷേധിച്ചിരുന്നു. കാനഡ പാര്‍ലമെന്റില്‍ ജസ്റ്റിന്‍ ട്രൂഡോയും കാനഡ വിദേശകാര്യ മന്ത്രിയും നടത്തിയ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടെന്നും, അതു പൂര്‍ണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കാനഡയില്‍ നടന്ന ഏതെങ്കിലും അക്രമങ്ങളില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. സമാനമായ ആരോപണം കാനഡ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്കു മുന്നിലും ഉന്നയിച്ചിരുന്നു. അതെല്ലാം അപ്പോള്‍ത്തന്നെ തള്ളിക്കളഞ്ഞതാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കലുഷിതമായിരിക്കെ, കേന്ദ്ര സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്ന്, മുതിര്‍ന്ന നേതാവ് ജയറാം രമേശ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിച്ചു. എക്കാലത്തും രാജ്യ താല്‍പര്യത്തിനായിരിക്കണം പ്രഥമ പരിഗണനയെന്നും ജയറാം രമേശ് കുറിച്ചു.
ഭീകരതയ്‌ക്കെതിരായ നമ്മുടെ രാജ്യത്തിന്റെ പോരാട്ടത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രത്യേകിച്ചും, ഭീകരവാദം ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി സൃഷ്ടിക്കുമ്പോള്‍. എക്കാലവും നമ്മുടെ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും ജയറാം രമേശ് കുറിച്ചു.
https://www.facebook.com/Malayalivartha






















