പോർവിമാനങ്ങളും ബോംബുകളും, റഫ ആക്രമണ പദ്ധതിയിൽ ഉറച്ചുനിൽക്കുന്ന ഇസ്രായേലിന് രണ്ടര ബില്യൻ ഡോളറിന്റെ ആയുധങ്ങൾ കൈമാറാൻ അമേരിക്ക

ഗാസയിൽ ആക്രമണം തുടരുകയാണ് ഇസ്രായേൽ. അതിനിടെ റഫക്ക് നേരെയുള്ള ആക്രമണത്തിൽ എതിർപ്പുണ്ടെങ്കിലും ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ കൈമാറും എന്നതിൽ ഉറച്ചുനിൽക്കുകയാണ് അമേരിക്ക. പുതുതായി 25 എഫ് 35 പോർവിമാനങ്ങളും എഞ്ചിനുകളും ഉൾപ്പെടെ രണ്ടര ബില്യൻ ഡോളറിന്റെ ആയുധങ്ങളാകും നൽകുക. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറുമായി നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് റഫ ആക്രമണ പദ്ധതിയിൽ ഉറച്ചുനിൽക്കുന്ന ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ കൈമാറാനുള്ള അമേരിക്കൻ തീരുമാനം.
ഇസ്രായേലിന്റെ താൽപര്യങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയെന്ന പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണ് പുതിയ ആയുധ കൈമാറ്റമെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് ഉദ്യാഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പോർ വിമാനങ്ങൾക്ക് പുറമെ 1800 ൽ അധികം എം.കെ 84 ബോംബുകളും ഇസ്രായേലിനു കൈമാറും. ഇത് കൈമാറുന്നതോടെ ഗാസയിൽ ഇനി ഇതുവരെ കണ്ടതിനും അപ്പുറം ഘോരയുദ്ധം നടക്കുമെന്ന് പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.
ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം
ഗാസ സിറ്റിയിൽ ഓടുന്ന കാറിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് കുഞ്ഞുങ്ങളടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ ഷുജയക്ക് സമീപമുള്ള സലാഹുദ്ദീൻ സ്ട്രീറ്റിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്.
ഗാസ സിറ്റിയിലെ ഷുജയ്യക്ക് സമീപം പൊലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഒരുപൊലീസ് ഉദ്യോഗസ്ഥനും 16 സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഗാസയിൽ ഇതിനകം കൊല്ലപ്പെട്ടവരുടെ എണ്ണം 32,623 ആയി. 75,092 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഖാൻ യൂനിസിൽ ഹമാസ് ആക്രമണത്തിൽ ഒരു ഇസ്രായേൽ അധിനിവേശ സൈനികൻ കൊല്ലപ്പെട്ടു. 16 സൈനികർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. പടിഞ്ഞാറൻ ഖാൻ യൂനിസിലെ അൽഅമലിന് സമീപം ഇസ്രായേൽ അധിനിവേശ സേന സ്ഥാപിച്ച ഗാർഡ് പോസ്റ്റിന് നേരെയാണ് ഹമാസിന്റെ മിസൈൽ ആക്രമണം.
സിറിയയിലെ അലപ്പോയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരിക്കെ,കടുത്ത പ്രസ്താവനയുമായി റഷ്യ രംഗത്തുവന്നു. സിറിയയുടെ പരമാധികാരത്തിനു മേലുള്ള കടന്നാക്രമണം അപകടകരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും യുദ്ധവ്യാപനത്തിന് ആക്കം കൂട്ടുമെന്നും റഷ്യ പ്രതികരിച്ചു.
https://www.facebook.com/Malayalivartha























