ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയത് ഹ്രസ്വദൂര പ്രൊജക്‌ടൈൽ ഉപയോഗിച്ചെന്ന് ഇറാൻ; ആക്രമണത്തിന് കടുത്ത പ്രതികരണം ചെയ്യുമെന്ന് റെവല്യൂഷണറി ഗാർഡ്...
ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയത് ഹ്രസ്വദൂര പ്രൊജക്‌ടൈൽ ഉപയോഗിച്ചെന്ന് ഇറാൻ. ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ആണ് കൊലപാതകം സംബന്ധിച്ച സുപ്രധാന വിവരം പുറത്തുവിട്ടത്. ടെഹ്‌റാനിലെ അദ്ദേഹത്തിൻ്റെ വസതിക്ക് പുറത്തുനിന്ന് ഏഴ് കിലോഗ്രാം ഭാരമുള്ള ഒരു ഷോർട്ട് റേഞ്ച് പ്രൊജക്ടൈൽ ഉപയോഗിച്ചാണ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഹനിയയെ കൊലപ്പെടുത്തിയത് അദ്ദേഹം താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിൽ രഹസ്യമായി ഒളിപ്പിച്ച സ്‌ഫോടകവസ്തു ഉപയോഗിച്ചാണെന്ന് മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഈ റിപ്പോർട്ടുകളെ തള്ളുന്നതാണ് പുതിയ വെളിപ്പടുത്തലുകൾ. ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ആക്രമണത്തിന് കടുത്ത പ്രതികരണം ചെയ്യുമെന്ന് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. "രക്തസാക്ഷി ഇസ്മായിൽ ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യും, സാഹസികവും ഭീകരവുമായ സയണിസ്റ്റ് ഭരണകൂടത്തിന് കഠിനമായ ശിക്ഷ ലഭിക്കും," ഐആർജിസി പ്രസ്താവന പറയുന്നു. 'ക്രിമിനൽ' യുഎസ് സർക്കാരിൻ്റെ പിന്തുണയോടെയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്നും ഐആർജിസി ഊന്നിപ്പറഞ്ഞു.
പശ്ചിമേഷ്യ വിശാലമായ പ്രാദേശിക യുദ്ധത്തിലേക്ക് കടക്കുമോ എന്ന ഭീതി ജനിപ്പിക്കുന്നതാണ് ഇറാന്റെ പുതിയ പ്രതികരണങ്ങൾ. ഹമാസ് നേതാവിനെ വകവരുത്തിയത് ഇസ്രയേലാണന്ന ആക്ഷേപം നിലനില്‍ക്കെ തിരിച്ചടിക്ക് ഒരുങ്ങുന്നു എന്ന ഇറാന്റെ പ്രഖ്യാപനമാണ് സ്ഥിതിഗതികള്‍ ഭീതിയിലേക്ക് തള്ളിവിടുന്നത്. തങ്ങളുടെ രാജ്യതലസ്ഥാനത്ത് നടന്ന ഹനിയയുടെ കൊലപാതകത്തിന് പകരം ചോദിക്കുന്ന ഇറാന്റെ കടമയാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ബുധനാഴ്ച പറഞ്ഞു. 'കഠിനമായ ശിക്ഷ' ലഭിക്കേണ്ട തെറ്റാണ് ഇസ്രയേല്‍ ചെയ്തിരിക്കുന്നത് എന്ന പരാമര്‍ശത്തോടെയാണ് ഇറാന്‍ പരമോന്നത നേതാവ് നിലപാട് വ്യക്തമാക്കുന്നത്.
കൊലപാതകത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ആരോപണ മുനകള്‍ നീളുന്നത് നെതന്യാഹു ഭരണകൂടത്തിന് എതിരെ തന്നെയാണ്. ഹനിയയുടെ കൊലപാതകത്തെ അപലപിച്ച് നിരവധി ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിന് ചൊവ്വാഴ്ച ഇറാനിലെത്തിയപ്പോഴാണ് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. ചടങ്ങിൽ പങ്കെടുത്ത് മണിക്കൂറുകൾക്ക് ശേഷം ജൂലൈ 31 ന് പുലർച്ചെ രണ്ട് മണിക്ക് അദ്ദേഹത്തിന്റെ വസതിയിലായിരുന്നു ആക്രമണം നടന്നത്. സംഭവത്തിൽ ഇസ്രയേൽ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഹനിയയെ വെള്ളിയാഴ്ച ഖത്തറിൽ അടക്കം ചെയ്തു.
https://www.facebook.com/Malayalivartha