ലിബിയയില്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടു പോയി

ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്‌ദിനെ വിമതര്‍ തട്ടിക്കൊണ്ടു പോയി. അദ്ദേഹം താമസിച്ചിരുന്ന ട്രിപ്പോളിയിലെ ഹോട്ടലില്‍ നിന്ന് ആയുധധാരികള്‍ അജ്ഞാതസ്ഥലത്തേയ്‌ക്കു കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥീരീകരിച്ചു.
ലിബിയയിലെ കൊറിന്ത്യന്‍ ഹോട്ടലില്‍ കടന്നുകയറിയ ആയുധധാരികള്‍ അലി സെയ്‌ദിനെ കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ മൊഴി നല്‌കി. ലിബിയയിലെ തീവ്രവാദികളെ തുടച്ചുനീക്കാന്‍ സെയ്‌ദിന്‍ പാശ്ചാത്യരാജ്യങ്ങളുടെ സഹായം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്.
അതേസമയം പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. ശനിയാഴ്‌ച എഫ്‌ബിഐയുടെ പിടികിട്ടാപ്പുള്ളിയായ അല്‍-ഖ്വയ്‌ദ നേതാവ് അബു അനസ് അല്‍-ലിബിയെ ട്രിപ്പോളിയില്‍ നിന്നു യുഎസ് സേന പിടികൂടിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ തിരോധാനത്തിനു പിന്നില്‍ അല്‍-ഖ്വയ്‌ദ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.
ലിബിയയിലെ മുന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയെ വിപ്ലവത്തിലൂടെ പുറത്താക്കിയതിനുശേഷം 2012 ഒക്ടോബറിലാണ് സെയ്‌ദി അധികാരത്തില്‍ എത്തുന്നത്. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ നയതന്ത്രജ്ഞനുമാണ് അദ്ദേഹം. എന്നാല്‍ രാജ്യത്ത് പുതിയ ഭരണകൂടം വന്നെങ്കിലും വിമതരുടേയും തീവ്രവാദികളുടേയും ആക്രമണം പൂര്‍ണമായി തുടച്ചു നീക്കാന്‍ സാധിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha