ഭീഷണിയായി ഇസ്രയേലും, അമേരിക്കയും: യുദ്ധവിമാനങ്ങളുടെ പുതിയ യൂണിറ്റ് സൃഷ്ട്ടിക്കാൻ ഒരുങ്ങി ഇറാൻ...

ഇസ്രയേലിൻ്റെയും അമേരിക്കയുടെയും ആക്രമണത്തിൻ്റെ ഭീതിയിൽ നിരന്തരം ജീവിക്കുന്ന ഇറാൻ, ഇപ്പോൾ യുദ്ധവിമാനങ്ങളുടെ പുതിയ യൂണിറ്റ് സൃഷ്ട്ടിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. ഇറാൻ വ്യോമസേനയ്ക്ക് അടുത്തിടെ റഷ്യയിൽ നിന്ന് സുഖോയ് 35 യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ലഭിച്ചിരുന്നു. പാകിസ്ഥാനും ചൈനയും സംയുക്തമായി നിർമ്മിച്ച ജെഎഫ്-17 തണ്ടർ യുദ്ധവിമാനങ്ങൾ ഇറാന് വാങ്ങാൻ കഴിയുമെന്നും അറബ് മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച നടക്കുന്നുണ്ട്.
കരാർ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇറാൻ വ്യോമസേനാ മേധാവി അടുത്തിടെ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. നേരത്തെ അസർബൈജാനും പാക്കിസ്ഥാനിൽ നിന്ന് ജെഎഫ്-17 യുദ്ധവിമാനങ്ങൾ വാങ്ങിയിരുന്നു. അതേസമയം, പാക്കിസ്ഥാനിൽ നിന്ന് ജെഎഫ്-17 യുദ്ധവിമാനങ്ങൾ വാങ്ങിയതിൽ മ്യാൻമർ വ്യോമസേന ഖേദം പ്രകടിപ്പിച്ചിരുന്നു.
ഇറാൻ വ്യോമസേനാ കമാൻഡർ ബ്രിഗേഡിയർ ജനറൽ ഹമീദ് വാഹിദി അടുത്തിടെയാണ് പാകിസ്ഥാൻ സന്ദർശിച്ചത്. മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഈ സന്ദർശന വേളയിൽ, സിന്ധു ഷീൽഡ് 2024 എയർ അഭ്യാസത്തിന് വാഹിദി സാക്ഷിയായി. പാകിസ്ഥാൻ വ്യോമസേനാ മേധാവിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ജെഎഫ്-17 യുദ്ധവിമാനങ്ങൾ സ്വന്തമാക്കുക എന്നതായിരുന്നു ഇറാൻ വ്യോമസേനാ മേധാവിയുടെ ഈ സന്ദർശനത്തിൻ്റെ ലക്ഷ്യമെന്ന് അറബ് മാധ്യമങ്ങൾ അവകാശപ്പെടുന്നു. ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാനിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. തികച്ചും ആധുനികമെന്ന് അവകാശപ്പെടുന്ന JF-17 ൻ്റെ ബ്ലോക്ക് 3 ലാണ് ഇറാൻ ഉറ്റുനോക്കുന്നത്. പാകിസ്ഥാൻ എയറോനോട്ടിക്കൽ കോംപ്ലക്സും (പിഎസി) ചെങ്ഡു എയർക്രാഫ്റ്റ് ഇൻഡസ്ട്രി ഗ്രൂപ്പും (സിഎഐജി) സഹകരിച്ചാണ് ജെഎഫ്-17 നിർമ്മിച്ചത്.
https://www.facebook.com/Malayalivartha
























