യുദ്ധം വീണ്ടും ആളിപ്പടരുമോ? ഗൾഫിലേക്ക് വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം, കുവൈത്തിലും ബഹ്‌റൈനിലും അതീവ ജാഗ്രത, ഇറാന്റെ ഖഷേം ദ്വീപിൽ അമേരിക്കയുടെ തിരിച്ചടി

രണ്ടുമാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിൽ. അമേരിക്കയുടെ സഖ്യകക്ഷികളായ കുവൈത്തിനും ബഹ്‌റൈനും നേരെ ഡ്രോൺ ആക്രമണങ്ങൾ. ആക്രമണങ്ങളെ പ്രതിരോധിച്ചെന്ന് ബഹ്‌റൈൻ. കുവൈത്തിലും വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമായി. അതേസമയം, ഇറാന്റെ തെക്കൻ മേഖലയിലുള്ള ഖഷേം ദ്വീപിൽ അമേരിക്കൻ ആക്രമണവും നടന്നതോടെ പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും മുറുകുകയാണ്.
നവംബർ 18 ബുധനാഴ്ച പുലർച്ചെയാണ് കുവൈത്തിൽ ഡ്രോൺ ആക്രമണ ഭീഷണി റിപ്പോർട്ട് ചെയ്തത്. ശത്രുതാപരമായ ഡ്രോൺ ആക്രമണങ്ങളെ നേരിടുകയാണെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകളെ തടയുന്നതിനിടെയുണ്ടായ ശബ്ദങ്ങളാണിതെന്ന് സൈന്യം വ്യക്തമാക്കി. ആക്രമണത്തിന്റെ ഉറവിടം ഇറാനാണെന്ന് കുവൈത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജനങ്ങളോട് സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ബഹ്‌റൈനിലാണ് ഇറാന്റെ ആക്രമണത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നത്. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന ഷെയ്ഖ് ഈസ വ്യോമതാവളത്തിലെ റഡാർ സംവിധാനമാണ് ഇറാന്റെ ലക്ഷ്യം. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഡ്രോൺ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. എന്നാൽ ആക്രമണം വിജയകരമായി തടഞ്ഞതായി ബഹ്‌റൈൻ അറിയിച്ചു. ഡ്രോണുകൾ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. ആക്രമണത്തിൽ ആളപായമോ അമേരിക്കൻ സൈനിക ഉപകരണങ്ങൾക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് അമേരിക്കയും വ്യക്തമാക്കിയത്.
അഞ്ചു ദിവസത്തിനിടെ ബഹ്‌റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. വെള്ളിയാഴ്ച അമേരിക്കയുടെ മുന്നറിയിപ്പ് റഡാർ സംവിധാനത്തിനുനേരെയും ഞായറാഴ്ച ഹെലികോപ്റ്റർ താവളത്തിലെ റഡാർ സംവിധാനത്തിനുനേരെയും ആക്രമണമുണ്ടായിരുന്നു. പിന്നീട് ചൊവ്വാഴ്ച വീണ്ടും റഡാർ കേന്ദ്രം ലക്ഷ്യമിട്ടതോടെ ബഹ്‌റൈനിലെ സുരക്ഷാ സാഹചര്യം കൂടുതൽ ആശങ്കാജനകമായി.
ഇതിനിടെയാണ് ഇറാന്റെ ഖഷേം ദ്വീപിലേക്ക് അമേരിക്ക തിരിച്ചടി നടത്തിയത്. ഇറാന്റെ തെക്കൻ മേഖലയിലുള്ള തന്ത്രപ്രധാനമായ ഈ ദ്വീപിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ മിസൈൽ വിക്ഷേപണ കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്നാണ് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചത്. ആക്രമണത്തിന് പിന്നാലെ ദ്വീപിൽ അഞ്ചുമുതൽ ആറുവരെ സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
എന്നാൽ ആക്രമണത്തിൽ ജനവാസ മേഖലകൾക്കോ വാണിജ്യ കേന്ദ്രങ്ങൾക്കോ നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കോ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് ഇറാനിലെ പ്രാദേശിക ഭരണകൂടം അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിനോട് ചേർന്നുകിടക്കുന്ന ഖഷേം ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനം കൂടി കണക്കിലെടുക്കുമ്പോൾ അമേരിക്കയുടെ ഈ നീക്കം ഏറെ നിർണായകമാണ്. ലോകത്തെ എണ്ണക്കടത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള വിപണിയെയും നേരിട്ട് ബാധിക്കാം.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കുറയ്ക്കാൻ ഒമാനും ഖത്തറും നയതന്ത്ര നീക്കങ്ങൾ നടത്തുന്നതിനിടെയാണ് പുതിയ ആക്രമണങ്ങളും തിരിച്ചടിയും. ചർച്ചകൾ ഒരു വശത്ത് തുടരുമ്പോൾ മറുവശത്ത് സൈനിക നീക്കങ്ങൾ ശക്തമാകുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.
കുവൈത്ത്, ബഹ്‌റൈൻ, ഇറാൻ, അമേരിക്ക... ഓരോ നീക്കവും ഗൾഫ് മേഖലയെ കൂടുതൽ യുദ്ധഭീതിയിലേക്ക് തള്ളുകയാണ്. ഈ ഏറ്റുമുട്ടൽ വീണ്ടും വലിയൊരു പ്രാദേശിക യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ലോകം.
https://www.facebook.com/Malayalivartha























