ഉത്തമ പങ്കാളിയെ കണ്ടെത്താന്‍ പാടുപെടുന്ന ചെറുപ്പക്കാര്‍ക്ക് താങ്ങായി കുടുംബശ്രീ

ഉത്തമ പങ്കാളിയെ കണ്ടെത്താനായി പാടുപെടുന്ന ചെറുപ്പക്കാരെ ഇനി കുടുംബശ്രീ കൈപിടിച്ചേല്പിക്കും. വിവാഹക്കാര്യം തൊട്ടടുത്ത കുടുംബശ്രീ പ്രവര്‍ത്തകരെ അറിയിച്ചാല്‍ മാത്രം മതി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ആദ്യമായി തൃശൂര്‍ ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കുടുംബശ്രീ വിവാഹ ബ്യൂറോ മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. സ്വന്തം നാട്ടിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തിയായിരിക്കും വിവരം ശേഖരിക്കുക. അതിനാല്‍ അന്വേഷണവും ആലോചനയും തികച്ചും വിശ്വാസയോഗ്യവുമായിരിക്കും. ഇതിനകം ആയിരത്തോളം വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.
കണ്ണൂരില്‍ ഈ മാസം അവസാനത്തോടെ പദ്ധതിക്ക് തുടക്കമാകും. ആഗസ്റ്റില്‍ കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലേക്കും വ്യാപിപ്പിക്കും. ജില്ലതോറും ഓഫീസും കോ ഓര്‍ഡിനേറ്ററുമുണ്ടാകും. പിന്നീട് ബ്‌ളോക്ക്, താലൂക്ക് തലങ്ങളില്‍ ഓഫീസുകള്‍ ആരംഭിക്കും. വാര്‍ഡ് തലത്തില്‍ നിയമിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഓണറേറിയവും നല്‍കും.
നേരിട്ടുള്ള രജിസ്‌ട്രേഷനാണ് ഊന്നല്‍ നല്‍കുന്നതെങ്കിലും ഓണ്‍ലൈനായും ഫോണ്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. ഫീസ് നാമമാത്രമാണ്. വിവരങ്ങളുടെ കൃത്യത വോളണ്ടിയര്‍മാര്‍ നേരിട്ട് ഉറപ്പാക്കും.
കുടുംബശ്രീ സംരംഭക ഗ്രൂപ്പെന്ന നിലയിലാണ് വിവാഹ ബ്യൂറോ തുടങ്ങുന്നത്. വിവരങ്ങളുടെ കൃത്യതയ്ക്കും വിശ്വാസ്യതയ്ക്കും പ്രാമുഖ്യം നല്‍കിയായിരിക്കും പ്രവര്‍ത്തനം.
https://www.facebook.com/Malayalivartha























