സ്വർണ മോഷണ കേസിൽ പൊലീസ് ചോദ്യം ചെയ്തതിനെത്തുടർന്നു കോട്ടയത്ത് ആത്മഹത്യ ചെയ്ത ദമ്പതികളിൽ യുവാവിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ

സ്വർണ മോഷണ കേസിൽ പൊലീസ് ചോദ്യം ചെയ്തതിനെത്തുടർന്നു കോട്ടയത്ത് ആത്മഹത്യ ചെയ്ത ദമ്പതികളിൽ യുവാവിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ. പോസ്റ്മാർട്ടത്തിൽ സുനിലിന്റെ ശരീരത്തിന്റെ പലഭാഗങ്ങളിൽ പൊലീസ് മർദിച്ചതിനു സമാനമായ ക്ഷതങ്ങൾ കണ്ടെത്തി.
സുനിൽ കുമാറിന്റെ ശരീരത്തിൽ മാത്രമാണ് മർദനത്തിന്റെ പാടുകളുള്ളത്. ഭാര്യ രേഷ്മ വിഷം കഴിച്ചതിന്റെ ലക്ഷണങ്ങൾ മാത്രമാണുള്ളത്. പൊട്ടാസ്യം സയനൈഡ് പോലെ പെട്ടെന്നു പ്രവർത്തിക്കുന്ന വിഷമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചു.
ചങ്ങനാശേരി നഗരസഭാംഗവും സിപിഎം ലോക്കൽ സെക്രട്ടറിയുമായ സജി കുമാർ നൽകിയ പരാതിയെത്തുടർന്നു ചങ്ങനാശേരി എസ്ഐ പി.എസ്. സമീർ ഖാൻ ചോദ്യം ചെയ്ത സ്വർണപ്പണിക്കാരൻ സുനിൽ കുമാറും ഭാര്യ രേഷ്മയുമാണ് ബുധനാഴ്ച ആത്മഹത്യ ചെയ്തത്. പൊലീസ് മർദനവും സജി കുമാറിന്റെ ഭീഷണിയും മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഇവർ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നു. സംഭവത്തെത്തുടർന്ന് എസ്ഐയെ സ്ഥലംമാറ്റിയിരുന്നു.
ആത്മഹത്യാക്കുറിപ്പിന്റെയും മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസിനും സജി കുമാറിനും എതിരെയുള്ള നടപടി തീരുമാനിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ഹരി ശങ്കർ പറഞ്ഞു. പൊലീസിനു വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
https://www.facebook.com/Malayalivartha























