അഭിമന്യൂവിന്റെ കൊലപാതകത്തിലെ പ്രധാനിയായ വിദ്യാര്‍ത്ഥി മുഹമ്മദ് ഉള്‍പ്പെടെ ആറ് പേര്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നതായി അറിയുന്നു, ഇവര്‍ക്കായി അന്വേഷണ സംഘം വലവിരിച്ചു

എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനികള്‍ അന്യസംസ്ഥാനത്തേക്ക് കടന്നതായി അറിയുന്നു. ഇതേ തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ചിലര്‍ ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് പോയി. 15 അംഗ സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഇതില്‍ പ്രധാനികളായ ആറ് പേരാണ് ഒളിവിലുള്ളത്. മഹാരാജാസിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മുഹമ്മദും ഈ സംഘത്തിലുണ്ട്. ഇയാള്‍ രാജ്യംവിടാതിരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട് പൊലീസുമായി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ആശയവിനിമയം നടത്തിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് എസ്.ഡി.പി.ഐ എറണാകുളം ജില്ലാ ഭാരവാഹികളെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണ്. ഇവരെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ ആലുവ റൂറല്‍ എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയെങ്കിലും മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനാല്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. താമസിക്കാതെ കൂടുതല്‍ നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കുമെന്ന് അറിയുന്നു. എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന ആവശ്യം പൊതുസമൂഹത്തില്‍ ശക്തമാണ്.
https://www.facebook.com/Malayalivartha























