ഭാരതീയ ചികിത്സാ സമ്പ്രദായം മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ 18 കോടി

ആയുഷ് വകുപ്പ് ഭാരതീയ ചികിത്സാ സമ്പ്രദായത്തിലെ വിവിധ വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനായി 17,82,30,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആരോഗ്യ വിവര ശേഖര പരിപാലന സംവിധാനത്തിന് 40 ലക്ഷം രൂപ, വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 8.50 കോടി രൂപ, ഔഷധി ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ ഓഹരി മൂലധന വിഹിതമായി 3.25 കോടി രൂപ, ആധുനികവത്ക്കരണത്തിനായി 1.6950 കോടി രൂപ, വിവിധ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് 2.7780 കോടി രൂപ, പകര്‍ച്ചവ്യാധികളും പ്രകൃതി ദുരന്തവും തടയാന്‍ 1.20 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
ആയുര്‍വേദം, സിദ്ധ, യൂനാനി, യോഗ, നാച്യുറോപ്പതി എന്നീ വിഭാഗങ്ങളുടെ ചികിത്സാ സമ്പ്രദായങ്ങളെ ഏകോപിക്കുന്നതാണ് ഭാരതീയ ചികിത്സാ സമ്പ്രദായം അഥവാ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍. ഈ വിഭാഗങ്ങളുടെ ചികിത്സകള്‍, ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ഭാരതീയ ചികിത്സാ വകുപ്പാണ്. ഭാരതീയ ചികിത്സാ സമ്പ്രദായങ്ങളെ പരിപോഷിപ്പിച്ച് ജനങ്ങള്‍ക്ക് മികച്ച ചികിത്സാ സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്രയും തുക അനുവദിച്ചത്.
ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള എല്ലാ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ആരോഗ്യ വിവരശേഖര പരിപാലന സംവിധാനം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് 40 ലക്ഷം രൂപ അനുവദിച്ചത്. സോഫ്റ്റുവെയര്‍ തയ്യാറാക്കല്‍, കമ്പ്യൂട്ടര്‍, ലാന്‍, വെബ്‌സെറ്റ് നവീകരണം, റെക്കോര്‍ഡിംഗ് മുറിയുടെ ഡിജിറ്റലൈസേഷന്‍ തുടങ്ങിയവ ലഭ്യമാക്കിയാണ് വിവര ശേഖര നവീകരണം നടത്തുന്നത്.
സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന വിവിധ ആശുപത്രികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് 8.50 കോടി രൂപ അനുവദിച്ചത്. കണ്ണൂര്‍ പാട്യം ആയുര്‍വേദ ആശുപത്രി കെട്ടിടം, കണ്ണൂര്‍ പായം ആശുപത്രി കെട്ടിടം, വര്‍ക്കല ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ വികസനം, വര്‍ക്കല പ്രകൃതി ചികിത്സാ ആശുപത്രിയുടെ വികസനം, കണ്ണൂര്‍ മട്ടന്നൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന്റെ അവസാനഘട്ടം, പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടം, ആലപ്പുഴ ചെങ്ങന്നൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടം, കൊല്ലം ഐവര്‍കാല ഗവ. ആയുര്‍വേദ ആശുപത്രി ഐപി കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍, പാലോട് ഗവ. ആയുര്‍വേദ ആശുപത്രിയുടെ ജനറല്‍വാര്‍ഡും എക്സ്റ്റന്‍ഷന്‍ ബ്ലോക്കും നിര്‍മ്മിക്കുക എന്നിവയ്ക്കാണ് ഈ തുക അനുവദിച്ചത്.
തൃശൂരിലെ ഔഷധി ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ കേരള ലിമിറ്റഡിന് ഓഹരി മൂലധനമായാണ് 3.25 കോടി രൂപ അനുവദിച്ചത്. ഉത്പാദക യൂണിറ്റ്, പഞ്ചകര്‍മ്മ ആശുപത്രിയുടെ വികസനം, അസംസ്‌കൃത വസ്തുക്കളുള്ള സ്റ്റോറിന്റേയും സംഭരണ സ്റ്റോറിന്റേയും നിര്‍മാണവും നവീകരണവും, കണ്ണൂരിലെ ആയുഷ് ഫാര്‍മ പാര്‍ക്ക് എന്നിവയ്ക്കാണ് ഇതനുവദിച്ചത്.
ഭാരതീയ ചികിത്സാ സ്ഥാപനങ്ങളുടെ കീഴിലുള്ള ആശുപത്രികള്‍ക്കും ഡിസ്‌പെന്‍സറികള്‍ക്കും മരുന്ന് വാങ്ങാനായാണ് 1.6950 കോടി രൂപ അനുവദിച്ചത്.
ഭാരതീയ ചികിത്സാ വകുപ്പ് സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന്റേയും ആധുനികവത്ക്കരണത്തിന്റേയും ഭാഗമായി 2.7780 കോടി രൂപ അനുവദിച്ചു. വയോജന പരിപാലന കേന്ദ്രങ്ങള്‍, കോഴിക്കോട്, ഇടുക്കി, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ ക്ഷാരസൂത്ര സ്‌പെഷ്യാലിറ്റി യൂണിറ്റുകള്‍, കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള മരുന്നുവാങ്ങല്‍, എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങളില്‍ മാതാപിതാക്കള്‍ക്കുള്ള ആയുര്‍വേദ ആരോഗ്യ പരിചരണം, അട്ടപ്പാടി ആദിവാസി മേഖലയിലെ ശിശുമരണം തടയല്‍ എന്നിവയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
പകര്‍ച്ച വ്യാധികളും പ്രകൃതി ദുരന്തവും തടയാനായി മരുന്ന്, മെഡിക്കല്‍ കിറ്റ് എന്നിവ വാങ്ങാന്‍, മെഡിക്കല്‍ ക്യാമ്പ്, ബോധവത്ക്കരണം, അടിയന്തിര വൈദ്യ സഹായം തുടങ്ങിയവയ്ക്കായി 1.20 കോടി രൂപയും അനുവദിച്ചു.
https://www.facebook.com/Malayalivartha























