ആക്രമിക്കപ്പെട്ട നടിയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അരൂർ സ്വദേശിയായ വീട്ടമ്മയ്ക്ക് നേരെ ക്രൂരമായ സൈബര്‍ ആക്രമണം; മകന്‍റെ ഒപ്പമുള്ള ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു: സഹായം വാഗ്ദാനം ചെയ്ത് എത്തിയവർ കൂടെ കറങ്ങാന്‍ ചെല്ലണമെന്നും ഹോട്ടലില്‍ ചെല്ലണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി

ഫേസ്ബുക്കില്‍ സ്ത്രീപക്ഷ പോസ്റ്റ് ഇട്ട വീട്ടമ്മയെ വളഞ്ഞിട്ട് ആക്രമിച്ച് സൈബർ ക്രിമിനൽസ്. വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചാണ് സൈബർ ആക്രമണം. നടിയെ ആക്രമിച്ച കേസിൽ ഉൾപ്പടെ സ്ത്രീപക്ഷ നിലപാടെടുത്തതിന്‍റെ പേരിലാണ് അരൂർ സ്വദേശിയായ വീട്ടമ്മയ്ക്ക് നേരെ സൈബർ ക്രിമിനൽസിന്റെ ഈ ആക്രമണം.
കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞു, ചിത്രങ്ങൾ മോർഫ് ചെയ്തുമാണ് ഇവരെ ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ ആക്രമിക്കുന്നത്. വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരം പോസ്റ്റുകള്‍ പ്രചരിക്കുന്നത് അതിനാല്‍ ഇവരെ പിടികൂടുവാന്‍ സമയം എടുക്കുമെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് ഓൺലൈൻ ഗ്രൂപ്പുകളിലും ചതികുഴികളൊരുക്കി.
നെഞ്ച് തകർന്നാണ് സ്കൂൾ തുറന്ന ദിവസം 13 വയസ്സുള്ള മകൻ തിരികെ എത്തിയതെന്ന് വീട്ടമ്മ വിങ്ങലോടെ വെളിപ്പെടുത്തുന്നു. മകന്‍റെ ഒപ്പമുള്ള ചിത്രങ്ങൾ അശ്ലീല കുറിപ്പുകളോടെയാണ് ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നത്. ആയിരത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പുകളിലും ബന്ധുക്കളുടെയും, മകന്‍റെ കൂട്ടുകാരുടെയും അധ്യാപകരുടെയുമടക്കം ടൈം ലൈനിലേക്ക് ചിത്രങ്ങൾ എവിടെ നിന്നോ ടാഗ് ചെയ്യുന്നു. അന്വേഷിച്ചപ്പോൾ ശ്യാം ശ്യാം എന്ന വ്യാജ ഐഡിയിൽ നിന്നെന്ന് വ്യക്തമായാതായി വീട്ടമ്മ വെളിപ്പെടുത്തുന്നു.
മാനസികമായി തകർന്ന വീട്ടമ്മ പരിഭ്രാന്തയായി. അപ്രതീക്ഷിതമായിട്ടാണ് സഹായ വാഗ്ദാനവുമായി സ്ത്രീയുടെ പേരിൽ സന്ദേശമെത്തിയത്. അനോണിമസ് കേരള സൈബർ ഹാക്കേഴ്സിൽ അംഗമായാൽ സൈബർ ലോകത്ത് പ്രചരിക്കുന്ന അശ്ലീല ചിത്രം ഒഴിവാക്കാം. പക്ഷേ അബദ്ധം പിന്നീടാണ് തിരിച്ചറിഞ്ഞത്. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർ തന്നെയാണ് സഹായ വാഗ്ദാനവുമായി എത്തിയത്. അധികം വൈകാതെ ഭീഷണിയെത്തി.അവരുടെ കൂടെ കറങ്ങാന്‍ ചെല്ലണമെന്നും ഹോട്ടലില്‍ ചെല്ലണമെന്നതടക്കമുള്ളവയായിരുന്നു ആവശ്യം. പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് ആലപ്പുഴ അരൂരിലുള്ള ഈ വീട്ടമ്മ.
https://www.facebook.com/Malayalivartha


























