മുണ്ടക്കയത്തെ സിസിടിവിയില്‍ കണ്ട പെണ്‍കുട്ടി ജസ്‌ന തന്നെയാണെന്ന സംശയത്തിൽ ഉറച്ച് പോലീസ് ; ജസ്‌ന തിരോധാനം വഴിത്തിരിവിലേക്ക്

മുണ്ടക്കയത്തെ സിസിടിവിയില്‍ കണ്ട പെണ്‍കുട്ടി ജസ്‌ന തന്നെയാണെന്ന സംശയത്തിൽ ഉറച്ച് പോലീസ്. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ തുണിക്കടയിലെ സിസിടിവിയില്‍ നിന്നാണ് പോലീസിന് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചത്. പകല്‍ 11.44ന് ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കടയുടെ മുന്നിലൂടെ ജസ്‌ന നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. അല്‍പസമയം കഴിഞ്ഞ് ജസ്‌നയുടെ സുഹൃത്തെന്ന് സംശയിക്കുന്ന ആണ്‍കുട്ടി നടന്ന് പോകുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം.
വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ജസ്‌ന ചുരിദാറാണ് ധരിച്ചിരുന്നത്. എന്നാല്‍ ദൃശ്യങ്ങളിലെ പെണ്‍കുട്ടിയുടേത് ജീന്‍സും ടോപ്പുമാണ്. കൂടാതെ പെൺകുട്ടിയുടെ കയ്യില്‍ ഒരു ബാഗും തോളില്‍ മറ്റൊരു ബാഗും ഉണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ തെളിഞ്ഞു.
ഈ ദൃശ്യങ്ങളില്‍ കണ്ടത് ജസ്‌ന അല്ലെന്നും മറിച്ച് മുണ്ടക്കയത്ത് തന്നെയുള്ള, കണ്ടാൽ ജസ്‌നയുമായി രൂപസാദൃശ്യമുള്ള അലീഷ എന്ന പെണ്‍കുട്ടിയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ സിസിടിവിയില്‍ പതിഞ്ഞത് അലീഷയുടെ ദൃശ്യങ്ങള്‍ അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. അതുകൊണ്ട് തന്നെ ദൃശ്യങ്ങളിലെ പെണ്‍കുട്ടി ജസ്‌ന തന്നെയാണ് എന്ന് പോലീസ് സംശയിക്കുന്നു. നേരത്തെ ഈ ദൃശ്യങ്ങള്‍ കണ്ട വീട്ടുകാര്‍ക്ക് അത് ജസ്‌ന തന്നെയാണോ എന്ന് ഉറപ്പിച്ച് പറയാന്‍ സാധിച്ചിരുന്നില്ല. അതിനാൽ ഈ ദൃശ്യങ്ങള്‍ ജസ്‌നയുടെ വീട്ടുകാരെയും സുഹൃത്തുക്കളേയും ഒരു വട്ടം കൂടി കാണിച്ച് സ്ഥിരീകരണം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മുൻപ് മലപ്പുറത്ത് കോട്ടക്കല്‍ പാര്‍ക്കിലും ജസ്‌നയെ കണ്ടതായി വിവരം ലഭിച്ചിരുന്നുവെങ്കിലും സിസിടിവി പരിശോധിച്ചതില്‍ നിന്നും ഒരു തുമ്പും കിട്ടിയിരുന്നില്ല.
https://www.facebook.com/Malayalivartha


























