ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു, ജലനിരപ്പ് 2399 അടി ആകുമ്പോള്‍ ക്രമപ്രകാരം മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കേണ്ടതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ 2397 അടിക്കോ അതിനും മുമ്പോ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഷട്ടര്‍ തുറക്കാനും സാധ്യതയേറുന്നു

ഇടുക്കി ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും ഉയര്‍ന്നു. 2395.26 അടിയാണ് നിലവിലെ ജലനിരപ്പ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ജലനിരപ്പ് 2395 അടിയിലെത്തിയിരുന്നു. തുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 2399 അടി ആകുമ്പോള്‍ ക്രമപ്രകാരം മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കേണ്ടതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ 2397 അടിക്കോ അതിനും മുമ്പോ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഷട്ടര്‍ തുറക്കാനും സാദ്ധ്യതയുണ്ട്.
ഇന്നലെ പകല്‍ ലോ റേഞ്ച് മേഖലയില്‍ മഴ ശക്തമായിരുന്നെങ്കിലും ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളായ ഹൈറേഞ്ച് മേഖലയില്‍ കാര്യമായ മഴ ലഭിച്ചില്ല. എന്നാല്‍ സന്ധ്യയോടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ആരംഭിച്ചതോടെ രാത്രിയില്‍ ജലനിരപ്പ് ഉയരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 2319.16 അടി ആയിരുന്നു ജലനിരപ്പ്. ഇടുക്കിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഡാമിന് താഴെയുള്ളവര്‍ക്കും പെരിയാറിന്റെ തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ട് തുറന്നാല്‍ സുരക്ഷയൊരുക്കാന്‍ ദേശീയ ദുരന്തനിവാരണ സേന ചെന്നൈ ആരക്കോണത്തു നിന്നു ഇടുക്കിയിലെത്തി. ക്യാപ്ടന്‍ പി.കെ മീനയുടെ നേതൃത്വത്തില്‍ ഏഴു മലയാളികളടങ്ങുന്ന 46 അംഗ സംഘമാണ് എത്തിയത്. പൈനാവ് ഗവ. യു.പി ജില്ലാ സ്‌കൂളിലാണ് ഇവരുടെ ക്യാമ്പ്. ജില്ലാ ഭരണ നേതൃത്വം അറിയിക്കുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സേന നടത്തി. ആലപ്പുഴയിലും തൃശൂരും ഓരോ സംഘം കൂടിയുണ്ട്.
ഫൈബര്‍ ബോട്ട്, ലൈഫ് ജാക്കറ്റ്, വലിയ മരങ്ങള്‍ വരെ മുറിക്കുന്നതിനാവശ്യമായ കട്ടര്‍, വടം, ഐ.ആര്‍.ബി ബോട്ട്, ഒ.ബി.എം ബോട്ട് എന്നിവയും ഇവര്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതിന് മുമ്പ് മുല്ലപ്പെരിയാറ്റിലും ഇടുക്കിയിലും ഈ ടീമില്‍പ്പെട്ട പലരും വന്നിട്ടുള്ളവരാണ്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുമെന്ന് ടീം ക്യാപ്ടന്‍ പറഞ്ഞു.
വെളളം തുറന്നുവിട്ടാല്‍ ചെറുതോണിയാറിന്റെ ഇരുകരകളിലും പെരിയാറിന്റെ തീരത്തു കരിമണല്‍ വൈദ്യുതി നിലയം വരെയുളള ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കും നാശനഷ്ടങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഷട്ടറുകള്‍ തുറന്നാലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കെ.എസ്.ഇ.ബി ഉത്തരവാദികളായിരിക്കില്ലെന്നും കരകളില്‍ താമസിക്കുന്നവര്‍ കരുതിയിരിക്കണമെന്ന് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനമുള്‍പ്പെടുന്ന ചെറുതോണി കട്ടപ്പന റോഡില്‍ ഗതാഗതം തടസപ്പെടും. പെരിയാറിന്റെ കരകള്‍ മാത്രമല്ല ആറുതന്നെ വര്‍ഷങ്ങളായി പലരുടെയും കൈവശമാണ്. കാലങ്ങളായി ഇടുക്കി അണക്കെട്ട് തുറന്നുവിടാത്തതിനാല്‍ ഇവിടെ തെങ്ങും കമുകും കുരുമുളകുമെല്ലാം തഴച്ചുവളരുന്നുണ്ട്. ഈ കൃഷിഭൂമിയെല്ലാം അനധികൃത കൈയ്യേറ്റമായതിനാല്‍ കൃഷി നാശത്തിന് നഷ്ടപരിഹാരം കിട്ടില്ല. ചെറുതോണി ടൗണില്‍ നിര്‍മ്മിച്ചിട്ടുളള കെട്ടിടങ്ങള്‍ക്കുപോലും ഡാം തുറന്നാല്‍ ഭീഷണിയാകും.
https://www.facebook.com/Malayalivartha

























