പത്ത് മിനിറ്റ് മുൻപ് വളരെ സന്തോഷവതിയായി അവൾ വീടിന്റെ ഉമ്മറത്തിരിപ്പുണ്ടായിരുന്നു... ബഹളം കേട്ട് ഓടിയെത്തിയപ്പോഴേക്കും ഭിത്തിയിൽ ചാരി നിന്ന അവളുടെ കഴുത്തിലൂടെ രക്തം ഒഴുകിയിറങ്ങുകയായിരുന്നു... താങ്ങിയെടുത്ത് പതുക്കെ നിലത്ത് കിടത്തുമ്പോൾ രണ്ടു തവണ പിടഞ്ഞു; പിന്നെ ഒരിക്കലും തിരിച്ച് വരാനാകാത്ത വിധം അവളുടെ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു... ആ നിമിഷം ഓർക്കാനാകാതെ അബ്ബാസ്

പത്ത് മിനിറ്റ് മുൻപ് വളരെ സന്തോഷവതിയായി അവൾ വീടിന്റെ ഉമ്മറത്തിരിപ്പുണ്ടായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയപ്പോഴേക്കും ഭിത്തിയിൽ ചാരി നിന്ന അവളുടെ കഴുത്തിലൂടെ രക്തം ഒഴുകിയിറങ്ങുകയായിരുന്നു. താങ്ങിയെടുത്ത് പതുക്കെ നിലത്ത് കിടത്തുമ്പോൾ രണ്ടു തവണ പിടഞ്ഞു. പിന്നെ ഒരിക്കലും തിരിച്ച് വരാനാകാത്ത വിധം അവളുടെ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു. ആ നിമിഷം ഓർക്കാനാകാതെ അബ്ബാസ്. ഇതര സംസ്ഥാന തൊഴിലാളിയുടെ കത്തിക്കിരയായ നിമിഷയുടെ മരണം ഒരു നാടിന് മുഴുവൻ താങ്ങാവുന്നതിനുമപ്പുറമായിരുന്നു.
അബ്ബാസും നിമിഷയുടെ പിതാവിന്റെ സഹോദരൻ ഏലിയാസും യൂണിയൻ ജോലിക്കാരാണ്. ഇരുവരും പ്രഭാത ഭക്ഷണം കഴിക്കാനാണ് പണി സ്ഥലത്തു നിന്ന് വീട്ടിലേക്ക് വന്നത്. നിമിഷയുടെ വീടിന് താഴെയാണ് ഏലിയാസ് താമസിക്കുന്നത്.
ഏലിയാസിനെ ബൈക്കിൽ അവിടെയിറക്കി അബ്ബാസ് വീട്ടിലേക്ക് പോയി. തിരികെ വരുമ്പോഴാണ് നിമിഷയുടെ വീട്ടിൽ ബഹളം കേൾക്കുന്നത്. ഓടി വീട്ടിലെത്തുമ്പോൾ അക്രമി ബിജു മൊല്ലയുമായി ഏലിയാസ് മല്ലിടുന്നു. നിമിഷങ്ങൾക്കുള്ളിൽ ബിജു ഏലിയാസിനെ കീഴ്പ്പെടുത്തി കത്തിക്ക് കുത്തി. മൂന്നു കുത്തിൽ രണ്ടെണ്ണം വലതുകൈയുടെ മസിലിനേറ്റു. ഇതിനിടയിൽ അബ്ബാസ് ബിജുവിനെ വട്ടം ചുറ്റിപ്പിടിച്ചു.
ഏലിയാസ് കത്തി കൈക്കടിച്ച് തെറിപ്പിച്ചു. തൊട്ടടുത്ത മുറിയിലേക്ക് ബിജുവിനെ അബ്ബാസ് തള്ളിവീഴ്ത്തി. എന്നാൽ, കതകിന് പുറത്തു നിന്ന് കുറ്റിയില്ലായിരുന്നു. ഈ സമയമാണ് ഭിത്തിയിൽ ചോരയൊലിപ്പിച്ച് നിൽക്കുന്ന നിമിഷയെ കണ്ടതെന്ന് അബ്ബാസ് പറഞ്ഞു. അവളെ താങ്ങാനുള്ള ശ്രമത്തിനിടെ ബിജു വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. ഏലിയാസിനെ വീടിനു മുമ്പിൽ ഇറക്കുമ്പോൾ നിമിഷ സിറ്റൗട്ടിലുണ്ടായിരുന്നു. പത്തു മിനിട്ടിനുള്ളിൽ അബ്ബാസ് മടങ്ങിയെത്തിയപ്പോഴാണ് ബഹളം കേട്ടത്.
മുൻവശത്തെ തുറന്ന വാതിലിലൂടെയാണ് ബിജു ഉള്ളിൽ കടന്നത്. കുത്തേറ്റ നിമിഷ ആദ്യം ഓടിയത് അടുക്കളയിലേക്കാണ്. ഇതിനുശേമാണ് ഹാളിലേക്ക് എത്തിയത്. രക്തത്തിൽ കുളിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. അബ്ബാസ് വിളിച്ചറിയിച്ചതോടെ തൊട്ടടുത്ത കൊപ്രാ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ പാഞ്ഞെത്തി. ഇതിൽ ആലുവ താലൂക്ക് ആശുപത്രിയിലെ നഴ്സായ കെ.എസ്. രൂപേഷുമുണ്ടായിരുന്നു. ഇയാളാണ് നിമിഷയെ കാറിലേക്ക് കയറ്റിയത്. അപ്പോഴേക്കും മരണം സംഭവിച്ചതായി രൂപേഷ് പറഞ്ഞു. വീടിനുള്ളിലെ സംഘർഷത്തിന്റെ നിമിഷങ്ങളിൽ പ്രതിയുമായി അടിച്ചുനിന്ന സമീപവാസി അബ്ബാസിന്റെ മനക്കരുത്തിൽ കൂടുതൽ പേർ കൊലയ്ക്കിരയായില്ല.
https://www.facebook.com/Malayalivartha

























