ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കെഎസ്ഇബി നിര്‍ദ്ദേശപ്രകാരം കൊലുമ്പന്റെ സമാധിയില്‍ പൂജ; വലിയ സുരക്ഷാ മുന്നൊരുക്കങ്ങളുമായി പോലീസ്

ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കൊലുമ്പന്റെ സമാധിയില്‍ പൂജ നടത്തി. കെഎസ്ഇബി നിര്‍ദേശപ്രകാരമാണ് പൂജ നടത്തിയതെന്ന് കൊലുമ്പന്റെ കുടുംബം പറഞ്ഞു. ഡാം തുറന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പൂജ നടത്തിയത്. പൂജ നടത്താന്‍ വേണ്ട പണം നല്‍കിയെന്നും കൊലുമ്പന്റെ കുടുംബം അറിയിച്ചു.
കൊലുമ്പന്റെ സ്മൃതിമണ്ഡപത്തില്‍ അദ്ദേഹത്തിന്റെ കൊച്ചുമകനായ ഭാസ്‌കരനാണ് പൂജ നടത്തിയത്. കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരാണ് 500 രൂപ തന്ന് പൂജ നടത്താന്‍ ആവശ്യപ്പെട്ടതെന്നും അണക്കെട്ട് തുറന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇതെന്നും ഭാസ്‌കരന്‍ പറഞ്ഞു. ജലനിരപ്പ് ക്രമാധീതമായി ഉയരുന്ന സാഹചര്യത്തില്‍ ഡാം തുറക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ കെ.എസ്.ഇ.ബി നടത്തിയിരുന്നു. ഇതിനോടൊപ്പമാണ് പൂജയും. ഇടുക്കി അണക്കെട്ടിന് സ്ഥാനം കാണിച്ച് കൊടുത്തയാളാണ് കൊലുമ്പൻ.
ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി വലിയ മുന്നൊരുക്കങ്ങളാണ് പൊലീസും നടത്തുന്നത്. ആയിരത്തോളം പൊലീസുകാരെ സുരക്ഷക്കായി വിന്യസിക്കും. ഡാം തുറന്നാൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ഇടുക്കി എസ്പി കെബി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നാല് ഡിവൈഎസ്പിമാര്‍, 12 സിഐ, 100 എസ്ഐമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുന്നത്. ഡാം തുറക്കുമ്പോഴുണ്ടാകുന്ന തിരിക്ക് നിയന്ത്രിക്കാൻ ചെറുതോണിയിലും പരിസരപ്രദേശങ്ങളിലുമായി 150 എഎസ്ഐയെ മാരെയും 729 സിവിൽ പൊലീസ് ഓഫീസേഴ്സിനെയും വിന്യസിക്കും. ചെറുതോണി മുതൽ കരിമണൽ വരെയുള്ള പ്രദേശങ്ങളിൽ ആരും പെരിയാറിലേക്ക് ഇറങ്ങില്ലെന്ന് പൊലീസ് ഉറപ്പുവരുത്തും.
ഡാം തുറന്നാൽ ചെറുതോണി ടൗണ്‍, തടിയംമ്പാട് എന്നിവിടങ്ങളിലെ പാലങ്ങൾ വെള്ളത്തിൽ മുങ്ങാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ തൊടുപുഴയിൽ നിന്നും അടിമാലിയിൽ നിന്നും കട്ടപ്പനയിലേക്കുള്ള ചെറു വാഹനങ്ങളെ കരിമ്പൻ പാലം വഴി തിരിച്ചുവിടും. വലിയ വാഹനങ്ങളെ വെള്ളം ഒഴുകി പോകുന്നത് വരെ തടയാനാണ് തീരുമാനം. അത്യാഹിതം ഒഴിവാക്കാൻ പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha

























