ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് വീണ്ടും ഉയരുന്നു... തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം... ഏതുസാഹചര്യത്തെയും നേരിടാന്‍ തയ്യാറായി ജില്ലാ ഭരണകൂടം; ഇടുക്കി ഡാം ആശങ്കയോടെ തുടരുമ്പോൾ പാലക്കാട് മലമ്പുഴ ഡാം ഇന്ന് തുറക്കും

ഇടുക്കി അണക്കെട്ടിലെ ജനിരപ്പില്‍ ഇന്ന് രാവിലെയോടെ നേരിയ വര്‍ധന. 2395.80 ആണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. തിങ്കളാഴ്ച രാത്രി ജലനിരപ്പ് 2395 അടിയായപ്പോള്‍ തീരദേശവാസികള്‍ക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഡാമിന് സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കിയിരുന്നു.
ചെറുതോണി, പെരിയാര്‍ നദീതീരമേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കി. ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് 2397 അടിക്കു മുകളിലെത്തിയാല്‍ മാത്രമേ ചെറുതോണി ഡാമിലെ ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തുകയുള്ളൂവെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചിട്ടുണ്ട്. ട്രയല്‍ റണ്ണിനായി ഒരു ഷട്ടര്‍ 40 സെന്‍റിമീറ്ററാകും ഉയര്‍ത്തുക. ഈ അവസ്ഥയില്‍ സെക്കന്‍ഡില്‍ 60 ക്യൂബിക് മീറ്റര്‍(2119 ക്യുബിക് അടി) വെള്ളം പുറത്തേയ്ക്കൊഴുകും. കണ്‍ട്രോള്‍ റൂം തുറന്ന് ഏതുസാഹചര്യത്തെയും നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമായിരുന്നു. ഇടുക്കി കണ്‍ട്രോള്‍ റൂം നന്പര്‍ 9496011994.
അതേസമയം ഇടുക്കി ഡാം ആശങ്കയോടെ തുടരുമ്പോൾ പാലക്കാട് മലന്പുഴ ഡാം ഇന്ന് തുറക്കും. കനത്ത മഴയില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിക്കടുത്തെത്തിയതോടെയാണ് അണക്കെട്ട് തുറക്കുന്നത്. രാവിലെ 11മണിക്കും 12 മണിക്കും ഇടയിലായിരിക്കും അണക്കെട്ട് തുറക്കുന്നത്. മുക്കൈപുഴ, കല്‍പാത്തി പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ഉച്ചയോടെ ഡാം പൂര്‍ണ സംഭരണ ശേഷിയിലെത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. 114. 80 മീറ്ററാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. 115. 06മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി.
https://www.facebook.com/Malayalivartha


























