പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരുടെ സംഘം വിലയിരുത്തി ;മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 5ന് ഉന്നതതലയോഗം

ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്വീകരിച്ചതും ഇനി സ്വീകരിക്കേണ്ടതുമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റില്‍ നടന്ന പ്രത്യേക യോഗം ചര്‍ച്ച ചെയ്തു. കയറിയ വെള്ളം ഇറങ്ങുന്ന സമയത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തി. അതിനായി വിവിധ വകുപ്പുകളുടെ ഏകോപനവുമുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 5ന് എല്ലാ വിഭാഗങ്ങളേയും ഏകോപിപ്പിച്ച് ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട്.
ജില്ലാ കളക്ടര്‍ എസ്. സുഹാസ്, എസ്.പി. എസ്. സുരേന്ദ്രന്‍, സബ് കളക്ടര്‍ കൃഷ്ണ തേജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, സര്‍ക്കാരിന്റെ ഡെവലപ്‌മെന്റ് അഡൈ്വസര്‍ രഞ്ജിത്ത് സി.എസ്., ജനപ്രതിനിധികള്‍, വിവിധ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വെള്ളം ഇറങ്ങുമ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ഇതിനായി മൈക്രോ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പുറം ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാത്തവര്‍ക്ക് 5,000 മെഡി-സാനി കിറ്റുകള്‍ എന്‍എച്ച്.എം. മുഖേന നല്‍കുന്നതാണ്. പ്രഥമ ശുശ്രൂഷയ്ക്കുള്ള സാധനങ്ങളും ഗ്ലൂക്കോസ്, മുറിവ്, വളംകടി എന്നിവയ്ക്കുള്ള മരുന്നുകള്‍, ലോഷന്‍, തറ തുടയ്ക്കുന്ന ലോഷന്‍ തുടങ്ങിയവയാണ് കിറ്റിലുണ്ടാകുക.
ഇതോടൊപ്പം ശാസ്ത്ര സാഹിത്യ പരിഷത്തുമായി സഹകരിച്ച് ആലപ്പുഴ എന്‍.എച്ച്.എം. ഒരു ജി.പി.എസ്. ആപ്ലിക്കേഷനും രൂപം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിലകപ്പെട്ടു പോയവരെ കണ്ടെത്താനും എവിടെയെങ്കിലും രോഗം പിടിപെട്ടിട്ടുണ്ടോ എന്നറിയാനും ഈ ആപ്പ് മുഖേന സാധിക്കും.
https://www.facebook.com/Malayalivartha
























