പോലിസ് കള്ളക്കേസ് എടുത്തതിനെതിരെ പരാതി നല്‍കി പത്തൊന്‍പതുകാരി

സഹോദരന് സ്‌കൂട്ടര്‍ ഓടിച്ചു വരുന്നത് കണ്ടെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ വാഹനം കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ കൊടുത്തെന്ന് പറഞ്ഞ് പോലിസ് കള്ളക്കേസ് എടുത്തതിനെതിരെ പരാതി നല്‍കി പത്തൊന്‍പതുകാരി. മേനങ്കോട് സ്വദേശി മാജിദയാണ് അന്യയമായി കേസെടുത്തതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. വിദ്യാനഗര്‍ എസ്‌ഐക്കെതിരെയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ചെര്‍ക്കള ബേര്‍ക്ക റോഡിലാണ് സംഭവം.
പ്രായപൂര്‍ത്തിയാകാത്ത അനുജന്‍ വാഹനം ഓടിച്ചെന്ന പേരിലാണ് ഉടമയായ മാജിദയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വാഹനം ഓടിച്ചത് മാജിദയായിരുന്നു. വഴിയരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി മാജിദ കടയിലേക്ക് പോയി. മാജിദയ്‌ക്കൊപ്പം പോയ അനുജന്‍ തിരികെയെത്തി സ്‌കൂട്ടറില്‍ ഇരിക്കുമ്പോഴാണ് പൊലീസ് ജീപ്പ് അവിടേക്ക് എത്തിയത്. സ്‌കൂട്ടറിലിരുന്ന വിദ്യാര്‍ത്ഥിയാണ് ഓടിച്ചതെന്ന് കരുതി വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. താനല്ല സ്‌കൂട്ടര്‍ ഓടിച്ചതെന്ന് സഹോദരന്‍ പറഞ്ഞിട്ടും വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് മാജിദ പറയുന്നു. സ്‌റ്റേഷനിലെത്തി ഫൈന്‍ അടച്ചാല്‍ സ്‌കൂട്ടര്‍ വിട്ടുനല്‍കാമെന്ന് സഹോദരനോട് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതായും മാജിദ പറയുന്നു.
എന്നാല്‍ സ്‌കൂട്ടര്‍ ഓടിച്ചത് അനുജനല്ലാത്തതിനാല്‍ ഫൈന്‍ അടയ്ക്കാതെ വാഹനം തിരികെ ആവശ്യപ്പെടാനാണ് മാജിദ സ്‌റ്റേഷനിലെത്തിയത്. അപ്പോഴേക്കും കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചത് താനാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കിയിട്ടും എഫ്‌ഐആര്‍ റദ്ദാക്കുകയോ ജാമ്യം നല്‍കുകയോ ചെയ്തില്ലെന്നാണ് മാജിദ ആരോപിക്കുന്നത്.
സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചു വരുന്നത് കണ്ടെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ വാഹനം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ മാജിദയാണ് വാഹനം ഓടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയ ശേഷമാണ് ഇവര്‍ക്ക് സ്‌കൂട്ടര്‍ വിട്ടുനല്‍കിയത്. തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി വാഹനം ഓടിച്ചെന്ന വകുപ്പ് ഒഴിവാക്കുമെന്നും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ കേസുണ്ടാകുമെന്നും വിദ്യാനഗര്‍ പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























