സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ നാലു മൊബൈൽ ഫോണുകൾക്ക് പിന്നാലെ പോലീസ്; കൃഷ്ണൻ കുട്ടിയും കുടുംബവും ആരെയൊക്കെയോ ഭയന്നിരുന്നു... വീട്ടിൽ സ്വയം സുരക്ഷയ്ക്കുള്ള ആയുധങ്ങൾ സൂക്ഷിച്ചിരുന്നു... ആർഷ അവസാനം ക്ലാസിലെത്തിയ ദിവസങ്ങളിൽ പതിവിലും ഏറെ മ്ലാനമായിരുന്നു; വാട്സ് ആപ്പിലെ പ്രൊഫൈലിൽ കൊലപാതകവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ അപഡേറ്റ് ചെയ്തതായി സഹപാഠികൾ; നാടിനെ നടുക്കിയ കൂട്ടകൊലപാതകം ദുരൂഹതകൾ നീങ്ങുന്നില്ല...

അടുത്ത നാളുകളായി കൃഷ്ണന് ആരെയോ ഭയപ്പെട്ടിരുന്നതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിരുന്നത് ഇവരെ പ്രതിരോധിക്കാനായിരിക്കാമെന്നാണ് പോലീസ് അനുമാനിക്കുന്നത്. സ്വയ രക്ഷക്കു വേണ്ടിയാണ് ആയുധങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നതെന്ന സൂചനകളും ലഭിച്ചു.
ബി.എഡ് വിദ്യാർത്ഥിയായ ആർഷ ഞായറാഴ്ച രാത്രി 10.58 വരെ വാട്സ് ആപ്പ് ഉപയോഗിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തൊടുപുഴയിൽ ബി.എഡ്. വിദ്യാർത്ഥിനിയായ ആർഷ അവസാനം ക്ലാസിലെത്തിയ ദിവസങ്ങളിൽ പതിവിലും ഏറെ മ്ലാനമായിരുന്നതായും വാട്സ് ആപ്പിലെ പ്രൊഫൈലിൽ കൊലപാതകവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ അപഡേറ്റ് ചെയ്തതായും സഹപാഠികളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. അർജുനും സ്കൂളിൽ ആരോടും മിണ്ടാത്ത പ്രാകൃതമായിരുന്നു.
കൊലപാതക സംഘം വീടിന്‍റെ വാതിൽ തകർക്കാത്തതിനാൽ പരിചയക്കാർ ആയിരിക്കും കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. സ്വത്ത് തർക്കം നിലനിന്നിരുന്നതിനാൽ ബന്ധുക്കളെയും ചോദ്യം ചെയ്യും. കൃഷ്ണന്‍റെ ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയവരുടെ വിവരങ്ങളും തേടുന്നുണ്ട്.
മരിച്ച നാലുപേരുടേയും ശരീരത്ത് അണിഞ്ഞിരുന്നതും വീട്ടിനുള്ളിലെ അലമാരയിലും സൂക്ഷിച്ചിരുന്നതുമായ നാൽപ്പത് പവനിലേറെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ വിലപിടിപ്പുള്ള സാധനങ്ങളോ പണമെോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ആഭരണങ്ങൾ കണ്ടെത്താൻ സാധിക്കാത്തതിനാൽ കൊലപാതകത്തിന് പിന്നിൽ കവർച്ചാ ലക്ഷ്യം അനുമാനിക്കുന്നുണ്ടെങ്കിലും അതുമാത്രമാകില്ലെന്നാണ് പൊലീസ് പറയുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ കൃത്യം നടത്തിയതാകാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല. അതേസമയം വാക്കുതർക്കമോ അപ്രതീക്ഷിതമായ കൈയ്യേറ്റമോ നടക്കുന്നതിനിടെ ആരെങ്കിലും ഒരാൾ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പരിഭ്രാന്തിയിൽ പ്രതികളെ തിരിച്ചറിയാതിരിക്കാൻ എല്ലാവരെയും വകവരുത്തിയതാകാമെന്ന സംശയവും പൊലീസിനുണ്ട്.
ശാസ്ത്രിയമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് ഡിവൈ.എസ്.പി കെ.പി ജോസ് പറഞ്ഞു. മൃതദേഹങ്ങൾ മറവ് ചെയ്ത സ്ഥലത്തിന് സമീപത്തുനിന്ന് കഠാരയും ഭാരമുള്ള ചുറ്റികയും കണ്ടെത്തിയിരുന്നു. ഇവ കൊലപാതകത്തിന് ഉപയോഗിച്ചതല്ല എന്നാണ് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയത്.
മനപൂർവം അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമായാണ് പൊലീസ് ഇതിനെക്കാണുന്നത്. അതേസമയം സംഭവസ്ഥലത്ത് നിന്ന് നാലു മൊബൈൽ ഫോണുകൾ കണ്ടെടുത്തിട്ടുണ്ട്. ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ മേൽനോട്ടത്തിൽ തൊടുപുഴ ഡിവൈ.എസ്.പി കെ.പി ജോസ്, തൊടുപുഴ, കാളിയാർ, കാഞ്ഞാർ, കഞ്ഞിക്കുഴി, ഇടുക്കി പൊലീസ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha
























