ക്ഷേമപെന്‍ഷനുകളുടെ ഓണം ഗഡു ഈ മാസം 10 മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് ധനമന്ത്രി

ക്ഷേമപെന്‍ഷനുകളുടെ ഓണം ഗഡു ഈ മാസം 10ന് വിതരണം ചെയ്തുതുടങ്ങുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വീട്ടില്‍ പെന്‍ഷന്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട 20 ലക്ഷത്തില്‍പരം ആളുകളില്‍ ഭൂരിഭാഗം പേര്‍ക്കും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളോടുകൂടി പണം കിട്ടും. ബാങ്ക് അക്കൗണ്ടുകള്‍ വഴി 16 നാണ് വിതരണം. ക്ഷേമബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണ നടപടിയും പൂര്‍ത്തിയായി.
ഓണത്തിന് പെന്‍ഷന്‍ നല്‍കാന്‍ 188 കോടി രൂപ സര്‍ക്കാര്‍ ലഭ്യമാക്കും. ജൂലൈ വരെയുള്ള കര്‍ഷക പെന്‍ഷന്‍ ഭൂരിപക്ഷം പേര്‍ക്കും നല്‍കിക്കഴിഞ്ഞു. അതിനാല്‍ ചുരുങ്ങിയ കുടിശ്ശികയേ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 42.48 ലക്ഷം ആണ്. ഇതില്‍ പുതിയ 1.28 ലക്ഷം അപേക്ഷകരും ഉള്‍പ്പെടും. ഇനിയും രണ്ട് ലക്ഷം അപേക്ഷകള്‍ തദ്ദേശസ്ഥാപനങ്ങളുടെ പരിഗണനയിലാണ്. പെന്‍ഷന്‍ ബില്ലുകള്‍ തയാറാക്കുന്നതിനായി ആറ് മുതല്‍ 10 വരെ അപേക്ഷകളുടെ ഡാറ്റാ എന്‍ട്രി നിര്‍ത്തിവെക്കും. 11 മുതല്‍ വീണ്ടും അപ്‌ലോഡ് ചെയ്യാം. അപ്‌ലോഡ് ചെയ്യുന്ന മാസം മുതലാണ് പുതിയ അപേക്ഷകര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാവുക.
കര്‍ഷകപെന്‍ഷന്‍ അടക്കമുള്ള ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 9.17 ലക്ഷമാണ്. ഇതോടെ മൊത്തം പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 51.65 ലക്ഷം വരും. ഇവര്‍ക്കെല്ലാമായി 2300 ഓളം കോടി വിതരണം ചെയ്യും.
https://www.facebook.com/Malayalivartha



























