താടിക്കാരനായ ആ യുവാവ് പതിവായി കൃഷ്ണനെ കാണാന്‍ എത്തുമായിരുന്നു... പല സന്ദർഭത്തിലും കൂട്ടികൊണ്ടുപോയിട്ടുമുണ്ട്... അരുംകൊലയ്ക്ക് ശേഷം ആരും അവനെ കണ്ടിട്ടില്ല; ബൈക്കില്‍ എത്തിയിരുന്ന ഈ അജ്ഞാത യുവാവ് മറഞ്ഞതെങ്ങോട്ട്? കമ്പകക്കാനം കൂട്ടകൊലപാതകത്തിൽ നിര്‍ണായക വെളിപ്പെടുത്തലുമായി യജ്‌ഞേശ്വരന്‍

നാടിനെ നടുക്കിയ കമ്പകക്കാനത്തെ കൂട്ടകൊലപാതകത്തിൽ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ഗൃഹനാഥന്റെ സഹോദരന്‍ യജ്‌ഞേശ്വരന്‍. കൊല്ലപ്പെട്ട തന്റെ സഹോദരന്‍ കൃഷ്ണനെ കാണാന്‍ താടിക്കാരനായ ഒരു യുവാവ് പതിവായി വരുമായിരുന്നെന്നും കൊലപാതകത്തിന് ശേഷം ഇയാളെ കാണാനില്ലെന്നും യജ്‌ഞേശ്വരന്‍ വെളിപ്പെടുത്തി. ബൈക്കില്‍ എത്തിയിരുന്ന ഈ അജ്ഞാത യുവാവ് കൃഷ്ണനെ കുട്ടിക്കൊണ്ട് പോയിരുന്നെന്നാണ് സഹോദരന്റെ വെളിപ്പെടുത്തല്‍.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്തുവരുന്നു. തൊടുപുഴ ഡി.വൈ.എസ്.പി കെ.പി ജോസിന്റെ നേതൃത്വത്തില്‍ കാളിയാര്‍, തൊടുപുഴ, കഞ്ഞിക്കുഴി സി.ഐമാരും പോലീസുകാരും സൈബര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരും അടക്കം 40 അംഗ സംഘമാണ് കൊലപാതകം അന്വേഷിക്കുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ കൊന്ന് കുഴിച്ചു മുടിയ നിലയില്‍ കണ്ടെത്തിയത്.
ആക്രമിക്കപ്പെടുമെന്നു ഭയന്നിരുന്ന കൃഷ്ണന്‍ വീട്ടിലെ ഓരോ മുറിയിലും ആയുധങ്ങള്‍ കരുതിവച്ചിരുന്നു. ഇവയാണു കൃഷ്ണനെയും ഭാര്യയെയും രണ്ടു മക്കളെയും വകവരുത്താന്‍ കൊലയാളികള്‍ ആയുധമാക്കിയത്. തോരാമഴയുടെ ഇരമ്പത്തില്‍ നിലവിളി പുറത്തുകേട്ടില്ല. വീട്ടില്‍നിന്നു വടിവാള്‍, കമ്പിവടി തുടങ്ങിയ ആയുധങ്ങള്‍ക്കു പുറമേ വെള്ളി പൂശിയ ദണ്ഡുകള്‍, മാന്‍കൊമ്പില്‍ നിര്‍മ്മിച്ച കഠാര, പുലിനഖം എന്നിവയും കണ്ടെത്തി. ഇത് മന്ത്രവാദ ക്രിയകള്‍ക്കായി തയാറാക്കിയതാകാം.
കൊലയാളി സംഘാംഗങ്ങളുടേതെന്നു കരുതുന്ന പതിനാലോളം വിരലടയാളങ്ങള്‍ പോലീസിനു ലഭിച്ചു. സംഭവദിവസം കൃഷ്ണന്‍ നടത്തിയ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും അന്വേഷണത്തില്‍ സഹായകമാകുന്ന ഒന്നും ലഭിച്ചില്ല. കൃഷ്ണന്റെ ഫോണില്‍നിന്ന് ഒരു മണിക്കൂറോളം നീണ്ട ഒരു ഫോണ്‍ കോള്‍ മകള്‍ ആര്‍ഷ തന്റെ സുഹൃത്തിനെ വിളിച്ചതാണെന്നു കണ്ടെത്തി. സംഭവം നടന്ന ഞായറാഴ്ച രാത്രി 10.58 വരെ ആര്‍ഷ വാട്‌സ് ആപ്പ് ഉപയോഗിച്ചിരുന്നു.
അത് ആശയവിനിമയങ്ങളായിരുന്നില്ലെന്നും തമാശ രൂപത്തിലുള്ള സന്ദേശങ്ങളായിരുന്നെന്നും പോലീസ് സ്ഥിരീകരിച്ചു. ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുള്ളതുകൊണ്ടു സമീപത്തെ ആശുപത്രികളില്‍ ആരെങ്കിലും ചികിത്സ തേടിയിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്. കൊലയാളിസംഘം കുളികഴിഞ്ഞാണു കൃഷ്ണന്റെ വീട്ടില്‍ നിന്നു മടങ്ങിയത്. ഭിത്തിയില്‍ പുരണ്ട രക്തക്കറ കഴുകി വൃത്തിയാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























