ഗവേഷണരംഗത്തെ കോപ്പിയടിക്ക് ശിക്ഷ കര്‍ശനമാക്കി യു.ജി.സി, കോപ്പിയടി ആവര്‍ത്തിച്ചാല്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടാനും വ്യവസ്ഥ

ഗവേഷണരംഗത്തെ കോപ്പിയടിക്ക് ശിക്ഷ കര്‍ശനമാക്കി യു.ജി.സി. നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 60 ശതമാനത്തിലധികമാണ് കോപ്പിയടിയെങ്കില്‍ വിദ്യാര്‍ഥിയുടെ രജിസ്‌ട്രേഷന്‍ തന്നെ റദ്ദാക്കും. 40 മുതല്‍ 60 ശതമാനം വരെയാണ് കോപ്പിയടിയെങ്കില്‍ ഒരു വര്‍ഷത്തേക്ക് വിലക്കും. തുടര്‍ന്ന് പുതിയ പ്രബന്ധം നല്‍കണം. 10 മുതല്‍ 40 ശതമാനംവരെ പകര്‍ത്തിയെഴുതിയതെങ്കില്‍ ആറുമാസത്തിനകം പുതിയ പ്രബന്ധം സമര്‍പ്പിക്കണം. പിഎച്ച്.ഡി., എം.ഫില്‍. തുടങ്ങിയ ഗവേഷണ പ്രബന്ധങ്ങളിലും ഗവേഷണ റിപ്പോര്‍ട്ടുകളിലും കോപ്പിയടി വ്യാപകമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
ബിരുദംനേടിയ ശേഷമാണ് കോപ്പിയടി പിടിക്കപ്പെടുന്നതെങ്കിലും നടപടിയുണ്ടാകും. കോപ്പിയടി ആവര്‍ത്തിച്ചാല്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടാനും വ്യവസ്ഥയുണ്ട്. ഗവേഷണരംഗത്തെ കോപ്പിയടി കൈകാര്യംചെയ്യാന്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും സര്‍വകലാശാലയുടെയും തലത്തില്‍ രണ്ടുസംവിധാനങ്ങള്‍ ഉണ്ടാകണം. പരാതി ആദ്യം നല്‍കേണ്ടത് ഡിപ്പാര്‍ട്ട്‌മെന്റല്‍ അക്കാദമിക് ഇന്റഗ്രിറ്റി പാനലിനാണ്.
പരാതി പരിശോധിച്ച് 45 ദിവസത്തിനകം റിപ്പോര്‍ട്ട് സഹിതം ഇത് ഇന്‍സ്റ്റിറ്റിയൂഷണല്‍ അക്കാദമിക് ഇന്റഗ്രിറ്റി പാനലിന് നല്‍കണം. ഈ സമിതിയും 45 ദിവസത്തിനകം സ്ഥാപനമേധാവിക്ക് റിപ്പോര്‍ട്ട് നല്‍കണം.വകുപ്പ് തലവനും വകുപ്പിന് പുറമേനിന്നുള്ള മുതിര്‍ന്ന അക്കാദമിക് വിദഗ്ധനും കോപ്പിയടി കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യയെക്കുറിച്ച് അറിയാവുന്ന മറ്റൊരാളും ഉള്‍പ്പെട്ടതാകണം വകുപ്പുതല സമിതി.
കോപ്പിയടിച്ചാല്‍ നടപടിയിങ്ങനെ
60 ശതമാനമാണെങ്കില്‍ പ്രബന്ധം പിന്‍വലിക്കും. ജോലിയുള്ളവരാണെങ്കില്‍ രണ്ട് ഇന്‍ക്രിമെന്റ് തടയും. മൂന്നുവര്‍ഷത്തേക്ക് ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കാനും വിലക്ക്.
40 ശതമാനമാണെങ്കില്‍ പ്രബന്ധം പിന്‍വലിക്കും. ഒരു ഇന്‍ക്രിമെന്റ് തടയും. രണ്ടുവര്‍ഷം ഗവേഷണ മേഖലയില്‍ മേല്‍നോട്ടച്ചുമതല വഹിക്കുന്നതിനും വിലക്ക്
40 ശതമാനത്തില്‍ താഴെയാണെങ്കില്‍ പ്രബന്ധം പിന്‍വലിക്കും.
എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും ഗവേഷണപ്രബന്ധങ്ങള്‍, തീസിസ്, പ്രസിദ്ധീകരണങ്ങള്‍ എന്നിവയില്‍ കോപ്പിയടിയില്ലെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വേര്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha



























