ധനവകുപ്പ് പിടിമുറുക്കി....പെന്‍ഷന്‍ പട്ടിക: കാറുള്ളവരെ ഉടന്‍ നീക്കാന്‍ നിര്‍ദേശം

സര്‍ക്കാര്‍ രണ്ടും കല്‍പ്പിച്ച്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരിലെ അനര്‍ഹരെ കണ്ടെത്താനുള്ള സര്‍വേ പൂര്‍ത്തിയാകും മുന്‍പു തന്നെ ഇടത്തരം കാറുള്ളവരെയും അഡംബരക്കാറുള്ളവരെയും പെന്‍ഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ തദ്ദേശ സെക്രട്ടറിമാര്‍ക്കു ധനവകുപ്പിന്റെ നിര്‍ദേശം. മോട്ടോര്‍ വാഹന വകുപ്പിന്റെ പട്ടിക പെന്‍ഷന്‍ ഡേറ്റാബേസുമായി ഒത്തുനോക്കിയപ്പോള്‍ 64,473 പെന്‍ഷന്‍കാര്‍ക്കു കാറുള്ളതായി കണ്ടെത്തിയിരുന്നു. ഈ പട്ടികയുടെ അടിസ്ഥാനത്തിലും തദ്ദേശ സെക്രട്ടറിമാരുടെ നേരിട്ടുള്ള പരിശോധനയിലും കണ്ടെത്തുന്ന അനര്‍ഹരെ പെന്‍ഷന്‍ ഡേറ്റാബേസില്‍ നിന്നു നീക്കും. ഇവര്‍ക്ക് ഓണത്തിനു പെന്‍ഷന്‍ നല്‍കില്ല.
അതേസമയം, പെന്‍ഷന്‍ വിതരണത്തിനു രണ്ടാഴ്ച മാത്രം ശേഷിക്കെ തിടുക്കപ്പെട്ടുള്ള സര്‍ക്കാര്‍ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ഉറപ്പാണ്. വാഹനം സ്വന്തമല്ലെങ്കിലും മറ്റുള്ളവര്‍ക്കായി സ്വന്തം പേരില്‍ വാഹനം റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. വിദേശത്തുള്ള മക്കള്‍ക്കായി നാട്ടില്‍ വാഹനം വാങ്ങിയ പെന്‍ഷന്‍കാരും അനര്‍ഹരാകും. ടാക്‌സി കാറുള്ളവരെയും അംബാസഡര്‍ കാറുള്ളവരെയും ഒഴിവാക്കില്ല. എന്നാല്‍ ലോറി, ബസ്, ടെംപോ ട്രാവലര്‍ തുടങ്ങിയ വലിയ വാഹനങ്ങളുള്ളവരെ നീക്കും. മരിച്ചവരുടെ പേരിലുള്ള പെന്‍ഷനും നിര്‍ത്തലാക്കും. മരിച്ചവരുടെ പേരില്‍ മുന്‍പ് പെന്‍ഷന്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അനന്തരാവകാശികളില്‍ നിന്ന് ഈടാക്കും. നിര്‍ത്തലാക്കുന്ന പെന്‍ഷന്‍ സംബന്ധിച്ചു പരാതിയുണ്ടെങ്കില്‍ പിന്നീട് അദാലത്തില്‍ തീര്‍പ്പാക്കുമെന്നും ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























