ഇടുക്കി അണക്കെട്ടിൽ ട്രയൽ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടർ തുറന്നു ; തുറന്നത് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ ; ഒരു സെന്റിമീറ്റർ ഷട്ടർ ഉയർത്തിയാൽ ഒഴുകുന്നത് ഒരു ഘനമീറ്റർ ജലം

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് വർധിച്ചതോടെ ഇടുക്കി അണക്കെട്ടിൽ ട്രയൽ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടർ തുറന്നു. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത്തിയത്. ഒരു സെന്റിമീറ്റർ ഷട്ടർ ഉയർത്തിയാൽ ഒരു ഘനമീറ്റർ ജലമാണ് പുറത്തേക്ക് ഒഴുകുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ ചേർന്ന ഉന്നതതല യോഗമാണ് ട്രയൽ റൺ നടത്താൻ അനുമതി നൽകിയത്.
ട്രയൽ റൺ നടത്താനുള്ള തീരുമാനത്തെ തുടർന്ന് അടിയന്തര നടപടികളെല്ലാം കെ.എസ്.ഇ.ബി സ്വീകരിച്ചിരുന്നു. ആരും പരിഭ്രാന്തരാകേണ്ടെന്നും ട്രയൽ റൺ മാത്രമാണ് നടത്തുന്നതെന്നും വൈദ്യുത മന്ത്രി എം.എം.മണി പറഞ്ഞു. അതേസമയം,പെരിയാറിന്റെ തീരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഇടുക്കി പദ്ധതി കമീഷന്‍ ചെയ‌്ത 1976 ഫെബ്രുവരി 12 ന‌് ശേഷം സംഭരണി നിറഞ്ഞ‌് തുറന്നുവിട്ടത‌് രണ്ടുതവണ. 1981 ലും 92 ലും. ഇതു കൂടാതെ പൂര്‍ണതോതില്‍ നിറഞ്ഞിട്ടുള്ളത‌് 2007 ലും 2013 ലും. ഇക്കാലയളവില്‍ നാശങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. 1981 ഒക‌്ടോബര്‍ 29 മുതല്‍ നവംബര്‍ 13 വരെ 15 ദിവസമാണ‌് ചെറുതോണി ഷട്ടര്‍ ഒരടി ഉയര്‍ത്തിയത‌്. പിന്നീട‌് 1992 ഒക‌്ടോബര്‍ 12 മുതല്‍ 16 വരെയും നവംബര്‍ 16 മുതല്‍ 23 വരെയും ഉയര്‍ത്തി.
https://www.facebook.com/Malayalivartha























