ആറന്മുളയിലും തിരുവല്ലയിലും ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു... റാന്നി താലൂക്കില്‍ ജലനിരപ്പ് താഴ്ന്നതിനാല്‍ സ്ഥിതി നിയന്ത്രണ വിധേയമായി

പ്രളയക്കെടുതിയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ 262 ദുരിതാശ്വാസ ക്യാമ്പുകളിലായി 28000ത്തോളം പേര്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോഴഞ്ചേരി , തിരുവല്ല താലൂക്കുകളില്‍ കൂടുതല്‍ ആളുകളെ ഒഴിപ്പിക്കുന്നതിന് അനുസരിച്ച് പുതിയ ക്യാമ്പുകള്‍ തുറന്ന് വരികയാണ്. തിരുവല്ലയില്‍ 141 ക്യാമ്പുകളും കോഴഞ്ചേരിയില്‍ 42 ഉം റാന്നിയില്‍ 15 ഉം മല്ലപ്പള്ളിയില്‍ 24 ഉം കോന്നിയില്‍ 23 ഉം അടൂരില്‍ 17 ഉം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമേ ബോട്ടുകളിലും വ്യോമമാര്‍ഗവും ആളുകളെ ഒഴിപ്പിക്കുന്നതിന് അനുസരിച്ച് തിരുവല്ല കോഴഞ്ചേരി താലൂക്കുകളിലെ ഉയര്‍ന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറന്ന് വരുന്നു.
ജില്ലയിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി തിരുവനന്തപുരത്ത് നിന്നും അഞ്ച് ട്രക്കുകളില്‍ ഭക്ഷണസാധനങ്ങള്‍ ഉടനെത്തും. നിലവില്‍ കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലുമെത്തിയിട്ടുള്ള ഭക്ഷണസാധനങ്ങള്‍ വിവിധ ക്യാമ്പുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. അടൂരില്‍ 1240 പേരും കോന്നിയില്‍ 1208 പേരും മല്ലപ്പള്ളിയില്‍ 954 പേരും റാന്നിയില്‍ 1200 പേരുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്. തിരുവല്ലയിലും കോഴഞ്ചേരിയിലും ക്യാമ്പുകളില്‍ കഴിയുന്നവരുടെ കൃത്യമായ എണ്ണം ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം തിരുവല്ലയില്‍ 17000ത്തോളം ആളുകളും കോഴഞ്ചേരിയില്‍ 6000ത്തോളം പേരുമാണ് ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ ആരും തന്നെ വീടുകളിലേക്ക് മടങ്ങിയിട്ടില്ല. പുതിയ ക്യാമ്പുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ആറന്മുളയിലും തിരുവല്ലയിലും ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളും നടന്ന് വരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കഴിയുന്നവര്‍ക്ക് ഹെലികോപ്ടറുകളില്‍ ഭക്ഷണം എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെ കോഴഞ്ചേരി താലൂക്കില്‍ ഒറ്റപ്പെട്ടിട്ടുള്ള എല്ലാവരേയും ഒഴിപ്പിക്കത്തക്ക വിധമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. തിരുവല്ലയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ബോട്ടുകളും മറ്റ് സംവിധാനങ്ങളും അടിയന്തരമായി വിന്യസിക്കുന്നു. റാന്നി താലൂക്കില്‍ ജലനിരപ്പ് താഴ്ന്നതിനാല്‍ സ്ഥിതി നിയന്ത്രണ വിധേയമായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























