തിരുവല്ലയിലെ വീടുകളില്‍ ആയിരങ്ങള്‍ കുടുങ്ങി കിടക്കുന്നു, ഇവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കിണഞ്ഞ് ശ്രമിക്കുന്നു

മഴക്കെടുതിയില്‍ തിരുവല്ലയില്‍ വീടുകളില്‍ കുടുങ്ങി കിടക്കുന്നത് ആയിരങ്ങള്‍. മൂന്നുദിവസമായി ഭക്ഷണവും വെള്ളവിമില്ലാതെ കിടക്കുന്നവര്‍ നരകയാതനയിലാണ്. ഇവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കിണഞ്ഞ് ശ്രമിക്കുന്നു.
50ബോട്ടുകള്‍ ഈ മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നു. തിരുവല്ല, അപ്പര്‍ കുട്ടനാട് മേഖലകളിലായി മുക്കാല്‍ ലക്ഷത്തോളം ആള്‍ക്കാരാണ് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ന് തിരുവല്ല കേന്ദ്രീകരിച്ച് വിപുലമായ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. കുടുങ്ങി കിടക്കുന്ന എല്ലാവരേയും രക്ഷിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്.
ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ഡിഐജി ഷെഫീന്‍ അഹമ്മദ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ എന്നിവര്‍ തിരുവല്ല കേന്ദ്രീകരിച്ച് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും. പ്രളയക്കെടുതി രൂക്ഷമായ പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര, കുറ്റൂര്‍ തുടങ്ങിയ വില്ലേജുകള്‍ക്ക് ശ്രദ്ധ നല്‍കിയാവും രക്ഷാപ്രവര്‍ത്തനം. ഇതിനു പുറമേ സമീപ വില്ലേജുകളിലെ പ്രളയ സ്ഥിതി തല്‍സമയം വിലയിരുത്തി രക്ഷാപ്രവര്‍ത്തനം നടത്തും.
കോഴഞ്ചേരി താലൂക്കിലെ ഒറ്റപ്പെട്ടു കിടക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് ഇന്നും രക്ഷാപ്രവര്‍ത്തനം തുടരുന്നു. ആറന്മുളയിലെ ആറാട്ടുപുഴ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റും. വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത് ആറന്മുളയിലും കോഴഞ്ചേരി താലൂക്കിലെ മറ്റ് പ്രദേശങ്ങളിലുമായിരുന്നു. റാന്നി താലൂക്കില്‍ രക്ഷാപ്രവര്‍ത്തനം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. വീടുകളില്‍ നിന്നു മാറാന്‍ സന്നദ്ധരല്ലാത്തവര്‍ മാത്രമാണ് ഇപ്പോഴും ഒറ്റപ്പെട്ട വീടുകളില്‍ തുടരുന്നത്.
https://www.facebook.com/Malayalivartha
























