കേരളത്തിലെ മിക്ക റെയില്‍വേ സ്റ്റേഷനുകളിലും ദുരിതാശ്വാസക്കാര്‍ക്കുള്ള ടണ്‍ കണക്കിന് സാധനം പാഴാകുന്ന കാഴ്ച്: ക്യാമ്പുകള്‍ പലതും പട്ടിണിയില്‍; ആവേശം കുറഞ്ഞതോടെ ക്യാമ്പുകള്‍ ദാരിദ്രത്തിലേക്ക്

ദുരിതബാധിതര്‍ക്കായി ട്രെയിനില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നതു ടണ്‍കണക്കിന് സാധനങ്ങള്‍. ഇവ ആരും ഏറ്റെടുക്കാതെ റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റിടങ്ങളിലും കെട്ടിക്കിടക്കുകയാണ്. പല ക്യാമ്പുകളും പിരിച്ചുവിട്ടതോടെ സാധനങ്ങള്‍ എത്തിക്കുന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ആശയക്കുഴപ്പമുണ്ട്. മരുന്നുകള്‍, വസ്ത്രങ്ങള്‍, ബിസ്‌കറ്റ്, ബ്രെഡ് എന്നിവയാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം ട്രെയിന്‍ മാര്‍ഗം മുംെബെയില്‍ നിന്നും ചൈന്നെയില്‍ നിന്നും ടണ്‍കണക്കിന് സാധനങ്ങളെത്തി.
ഇറക്കിയ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇവ വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതായി ജില്ലാ ഭരണകൂടം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും നിരവധി സാധനങ്ങള്‍ എത്തുന്നതു പ്രതിസന്ധിയുണ്ടാക്കുന്നു. കുറച്ച് ലോഡുകള്‍ മാത്രമാണ് മാറ്റുന്നത്. മാറ്റിയ സാധനങ്ങള്‍ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണ്. ഇതുകൂടാതെ വിവിധ സന്നദ്ധ സംഘടനകള്‍ എത്തിച്ച സാധനങ്ങളും പൂര്‍ണമായും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സാമഗ്രികള്‍ നശിക്കുന്ന സ്ഥിതിയാണുള്ളത്.
ബിരിയാണിയും പൊതിച്ചോറും ഒഴുകിയെത്തിയ ക്യാമ്പുകളിലിപ്പോള്‍ കഞ്ഞിയും ചമ്മന്തിയും മാത്രം. വച്ചുകഴിക്കാന്‍ ബാക്കിയുള്ളത് നേരത്തേയെത്തിച്ച അരിയും സവോളയും മാത്രം. പ്രളയത്തിന്റെ ആദ്യ ദിനങ്ങളില്‍ നിരവധി സംഘടനകള്‍ ഇവര്‍ക്കു സഹായവുമായി ഉണ്ടായിരുന്നു. ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമൊക്കെ എത്തിച്ചു നല്‍കാന്‍ കൂട്ടത്തിരക്കുമായിരുന്നു. ബിരിയാണിയും ചിക്കനും പുട്ടും ഉപ്പുമാവുമൊക്കെ ക്യാമ്പുകളില്‍ യഥേഷ്ടം എത്തിക്കാന്‍ ആളുകള്‍ മത്സരമായിരുന്നു. എന്നാല്‍ ബാക്കി ക്യാമ്പുകളൊക്കെ പിരിച്ചു വിട്ടതോടെ ഇങ്ങോട്ട് ആരും തിരിഞ്ഞ് നോക്കാതെയായി. അരിയും സവോളയും പരിപ്പും മാത്രമാണ് ഇപ്പോള്‍ ക്യാമ്പിലുള്ളത്. പച്ചക്കറികള്‍ കിട്ടാനെയില്ല. മഴക്കെടുതിയില്‍ സര്‍വതും നഷ്ടപ്പെട്ടതിനാല്‍ മേടിക്കാന്‍ പണവുമില്ല. രാവിലെ മുതല്‍ കഞ്ഞിയും സവോളക്കറിയുമാണു ക്യാമ്പിലെ ഭക്ഷണം. ഇതിനിടെ ക്യാമ്പു പിരിച്ചു വിടുമെന്ന മുന്നറിയിപ്പും കിട്ടി.
വീടില്ലാത്തതിനാല്‍ എങ്ങോട്ടു മാറുമെന്നറിയാതെ നിസഹായതയിലാണ് ഈ കുടുംബങ്ങള്‍. വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ മാത്രമാണ് ഇപ്പോള്‍ ക്യാമ്പുകളിലുള്ളത്. പ്രളയത്തിന്റെ തീവ്രത കുറഞ്ഞതോടെ ക്യാമ്പുകളില്‍നിന്നു സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പിന്‍വലിഞ്ഞു. പ്രളയക്കെടുതിയില്‍ കൂടുതല്‍ ദുരന്തം നേരിട്ട പറവൂര്‍ ടൗണ്‍ഹാളില്‍ മാത്രം അമ്പതോളം കുടുംബങ്ങളാണു കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗത്തിന്റെയും വീടുകള്‍ പൂര്‍ണമായി തകര്‍ന്നവരാണ്. ബാക്കിയുള്ളവരുടെത് വാസയോഗ്യവുമല്ല. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ക്യാമ്പിലുണ്ട്. സര്‍ക്കാര്‍ ശക്തമായി ഇടപെട്ടില്ലെങ്കില്‍ ആവശ്യ വസ്തുക്കളെല്ലാം നശിച്ച് കേരളത്തില്‍ മാലിന്യക്കൂമ്പാരമാകുമെന്നതില്‍ തര്‍ക്കമില്ല.
https://www.facebook.com/Malayalivartha





















