ഭൂട്ടാന്‍ വാഹനക്കള്ളക്കടത്ത് കേസ്: കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത വാഹനം ഇപ്പോള്‍ കാണാനില്ല

ഭൂട്ടാനില്‍നിന്ന് ആഡംബര കാറുകള്‍ കള്ളക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് മുക്കത്തു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത വാഹനം കാണാതായി. കഴിഞ്ഞ നവംബര്‍ ഒന്‍പതിന് മുക്കത്തെ ഒരു ഗാരിജിനു സമീപത്തു കണ്ടെത്തിയ വാഹനം കസ്റ്റഡിയിലെടുത്ത ശേഷം ഗാരിജില്‍ തന്നെ സൂക്ഷിക്കാന്‍ ഏല്‍പിച്ചതായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ വാഹനം കാണാനില്ലെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തന്നെയാണു മുക്കം പൊലീസില്‍ പരാതി നല്‍കിയത്.
തുടരന്വേഷണത്തിന്റെ ഭാഗമായി ഗാരിജിലെത്തിയപ്പോഴാണു വാഹനം കാണാതായ കാര്യം വ്യക്തമായത്. വാഹനത്തില്‍, ഹിമാചല്‍ പ്രദേശിലെ ഷിംല സ്വദേശിയുടെ പേരിലുള്ള ഉടമസ്ഥ രേഖകള്‍ കീറിയിട്ട നിലയില്‍ നേരത്തേ കണ്ടെത്തിയിരുന്നു. ആഡംബര കാര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23നു നടത്തിയ ഓപറേഷന്‍ നുംഖുര്‍ പരിശോധനയില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നായി 16 വാഹനങ്ങളാണു പിടിച്ചെടുത്തത്.
മലപ്പുറം വെട്ടിച്ചിറയിലെ ഷോറൂമില്‍നിന്ന് 13 വാഹനങ്ങളും മുക്കം, കുറ്റിപ്പുറം, കോഴിക്കോട് തൊണ്ടയാട് എന്നിവിടങ്ങളില്‍ നിന്നായി 3 വാഹനവും പിടിച്ചെടുത്തിരുന്നു. തൊണ്ടയാട്ടെ ഷോറൂമില്‍നിന്നു കണ്ടെത്തിയ കാറും അവിടെത്തന്നെ സൂക്ഷിക്കാന്‍ കസ്റ്റംസ് നിര്‍ദേശിച്ചിരുന്നു. കൊച്ചി കസ്റ്റംസ് നടത്തിയ 'ഓപ്പറേഷന്‍ നുമ്‌ഖോര്‍' പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് മറനീക്കിയത്. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ ഭൂട്ടാനില്‍നിന്നു കടത്തിയ വാഹനങ്ങള്‍ പല കൈമറിഞ്ഞ് കേരളത്തില്‍ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങളാണു നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി ഹിമാചല്‍ പ്രദേശില്‍ റജിസ്റ്റര്‍ ചെയ്തു നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡിആര്‍ഐ) കസ്റ്റംസുമാണു കേസ് അന്വേഷിക്കുന്നത്. ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍, ടാറ്റ എസ്‌യുവികള്‍, മഹീന്ദ്ര–ടാറ്റ ട്രക്കുകള്‍ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഹിമാചല്‍ പ്രദേശിലെ 'എച്ച്പി–52' റജിസ്‌ട്രേഷന്‍ നമ്പറിലാണു കൂടുതല്‍ വാഹനങ്ങളും റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവിടത്തെ റജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ നിരാക്ഷേപപത്രം (എന്‍ഒസി) ഉള്‍പ്പെടെയാണു കേരളത്തില്‍ കാറുകള്‍ വിറ്റതും. കേരളത്തില്‍ എത്തിച്ച പല വാഹനങ്ങളും റീ റജിസ്റ്റര്‍ ചെയ്തു 'കെഎല്‍' നമ്പറുകളാക്കിയിട്ടുണ്ട്. 5 ലക്ഷം രൂപയില്‍ താഴെ വിലയ്ക്കാണു ഭൂട്ടാന്‍ പട്ടാളം വാഹനങ്ങള്‍ ഒരുമിച്ചു വിറ്റത്. ഇത്തരം വാഹനങ്ങള്‍ കേരളത്തില്‍ 40 ലക്ഷം രൂപയ്ക്കു വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.
https://www.facebook.com/Malayalivartha





















