സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ ഇപ്പോഴും 168 എടിഎമ്മുകള്‍ വെള്ളത്തില്‍, യന്ത്രങ്ങള്‍ നശിച്ചു, എടിഎമ്മിനുള്ളില്‍ കുടുങ്ങിയ പണം നനഞ്ഞ് പള്‍പ്പ് രൂപത്തില്‍

സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ ഇപ്പോഴും 168 എടിഎമ്മുകള്‍ വെള്ളത്തിലാണ്. പ്രളയബാധിത മേഖലകളിലെ 83 ബാങ്ക് ശാഖകള്‍ക്കും പ്രവര്‍ത്തനം പുനരാരംഭിക്കാനായിട്ടില്ല. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് എ.ടി.എം. കൗണ്ടറുകളില്‍ പലതും പൂര്‍ണമായി തകര്‍ന്നു. യന്ത്രങ്ങളും നശിച്ചു. ഇവയില്‍ ചിലതൊന്നും ഇതുവരെ തുറക്കാന്‍ പോലുമായിട്ടില്ല. എ.ടി.എമ്മിനുള്ളില്‍ കുടുങ്ങിയ പണം നനഞ്ഞ് പള്‍പ്പ് രൂപത്തിലായി. ആകെ 520 എ.ടി.എമ്മുകളെയും 324 ബാങ്ക് ശാഖകളെയുമാണ് പ്രളയം ബാധിച്ചതെന്നാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്ക്. എ.ടി.എമ്മുകളില്‍ 352 എണ്ണത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസങ്ങളില്‍ പുനഃസ്ഥാപിച്ചു. പത്തനംതിട്ടയില്‍ മാത്രം 52 എ.ടി.എമ്മുകള്‍ ഇനിയും തുറക്കാനുണ്ട്.
വെള്ളപ്പൊക്കത്തിലായ ബാങ്ക് ശാഖകളില്‍ 241 എണ്ണം പ്രവര്‍ത്തിച്ചു തുടങ്ങി. പത്തനംതിട്ടയില്‍ 52, എറണാകുളത്ത് 14, ഇടുക്കിയില്‍ രണ്ട് ശാഖകളും ഇനി തുറക്കണം. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പല ബാങ്കുകളും താത്കാലിക സംവിധാനമൊരുക്കിയിട്ടുണ്ട്. വൃത്തിയാക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുകയാണ്. ഒരാഴ്ചയ്ക്കകം ഇവയെല്ലാം പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ നനഞ്ഞ നോട്ടുകള്‍ മാറ്റി നല്‍കും. ഇവ ഏതു ബാങ്കില്‍ നല്‍കിയാലും അവയ്ക്കു പകരം നോട്ടുകള്‍ ലഭിക്കും.
പ്രളയബാധിത മേഖലകളിലെ പല വീടുകളും നാലു ദിവസത്തിലേറെ വെള്ളത്തിലായിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബാങ്കുകള്‍ നനഞ്ഞ നോട്ടുകള്‍ മാറ്റി നല്‍കുന്നുണ്ട്. എ.ടി.എമ്മിനകത്ത് കുടുങ്ങിയ പണം റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് മാറ്റിയെടുക്കാനാകുമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















