പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തില്‍ എലിപ്പനി മൂലം അഞ്ചു ദിവസത്തിനിടെ മരിച്ചത് 23 പേര്‍; സംസ്ഥാനം അതീവ ജാഗ്രതയില്‍; കോഴിക്കോട്ട് മരിച്ചത് അഞ്ചുപേര്‍

പ്രളയമേഖലയിലുള്‍പ്പെടെ എലിപ്പനി വ്യാപകമായതോടെ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് അതിജാഗ്രത നിര്‍ദേശം നല്‍കി. കോഴിക്കോട്ടെ സ്ഥിതി ആശങ്കക്ക് വകനല്‍കുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി സംസ്ഥാനത്ത് ഒമ്പതു പേര്‍ കൂടി മരിച്ചു. ഇവരില്‍ അഞ്ചുപേരും കോഴിക്കോട് ജില്ലയില്‍നിന്നുള്ളവരാണ്.
ഇതോടെ കഴിഞ്ഞ അഞ്ചുദിവസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി. കഴിഞ്ഞ എട്ടുമാസത്തിനടെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 97 പേരാണ്. പകര്‍ച്ചവ്യാധി ഭീഷണിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന പ്രളയമേഖലയില്‍ എലിപ്പനി പടരുന്നുവെന്നാണ് വിവരം. കോഴിക്കോട് തിരുവമ്പാടി സ്വദേശി കുമാര്‍ (52), കോഴിക്കോട് ജി.എ കോളജ് സ്വദേശി ഹസീന (31), കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി വിനോദ് (27), കണ്ണൂര്‍ വേങ്ങാട് സ്വദേശി രമേശന്‍ (60), കോഴിക്കോട് കൊളത്തറ സ്വദേശി വിഷ്ണു (21), കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സുരേന്ദ്രന്‍ (67), കോഴിക്കോട് മൂടാടി സ്വദേശി രാജേഷ് (39), എറണാകുളം മുണ്ടന്‍വേലി സ്വദേശി സജീവ് (64), തിരുവനന്തപുരം മംഗലപുരം സ്വദേശി അനില്‍കുമാര്‍ (50) എന്നിവരാണ് രണ്ടു ദിവസത്തിനിടെ മരിച്ചത്. കൂടാതെ, പനിബാധിച്ച് കാസര്‍കോട് സ്വദേശി കുഞ്ഞിരാമന്‍ (53), മലപ്പുറം സ്വദേശി ഗോപാലന്‍ (40) എന്നിവരും മരിച്ചു. എലിപ്പനി ബാധിച്ചും എലിപ്പനി ലക്ഷണങ്ങളുമായും വെള്ളിയാഴ്ച 134 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. ഡെങ്കിപ്പനി ബാധിച്ച് 11 പേരും മലേറിയ ബാധിച്ച് 16 പേരും ചികിത്സതേടി.
തിരുവനന്തപുരത്ത് ആറുപേര്‍ക്കും പത്തനംതിട്ട ഏഴുപേര്‍ക്കും ആലപ്പുഴ നാലുപേര്‍ക്കും എറണാകുളത്ത് രണ്ടുപേര്‍ക്കും തൃശൂരില്‍ രണ്ടുപേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കും കോഴിക്കോട്ട് 12 പേര്‍ക്കും കാസര്‍കോട്ട് മൂന്നുപേര്‍ക്കും ആണ് എലിപ്പനി വെള്ളിയാഴ്ച സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha