ഒത്തുപിടിച്ചാല്‍ നമുക്ക് കഴിയും നവകേരള നിര്‍മ്മാണം: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടത് 30,000 കോടി: ധനമന്ത്രി

കേരളത്തിനായി കരങ്ങള്‍ കോര്‍ക്കാം കൂട്ടായി ശ്രമിക്കാം. കേരളത്തെ പുനര്‍നിര്‍മിക്കാന്‍ 30,000 കോടി വേണമെന്ന് ധനമന്ത്രി തോമസ് ഐസക്. തകര്‍ന്ന പാലങ്ങള്‍, കെട്ടിടങ്ങള്‍, ബണ്ടുകള്‍, നഷ്ടപരിഹാരം, വീട്, കൃഷി , ദുരിതാശ്വാസ പ്രവര്‍ത്തനം എന്നിവയ്ക്കായി 20,000 കോടി രൂപയാണ് വേണ്ടത്. ഉപജീവനസഹായത്തിനായി 10,000 കോടി രൂപയും വേണം. ഇതില്‍ 4000 കോടി തൊഴിലുറപ്പിനും മറ്റു അനുബന്ധ വിഷയങ്ങള്‍ക്കും ഉപയോഗിക്കേണ്ടി വരുമ്പോള്‍ 6,000 കോടി രൂപ വരുമാനമായി നാം തന്നെ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. 6000 കോടി സംസ്ഥാന സര്‍ക്കാര്‍ നാനാവിധ മാധ്യമങ്ങളിലൂടെ വേണം കണ്ടെത്താന്‍. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുവേണ്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ദുരന്ത സമയത്ത് ലോകം മുഴുവനും മലയാളികളെ സഹായിച്ചിരുന്നുവെന്ന് മന്ത്രി ജി.സുധാകരന്‍ ചടങ്ങില്‍ പറഞ്ഞു. കൈനകരി പോലെ ഇപ്പോഴും വെള്ളമിറങ്ങാത്ത പ്രദേശങ്ങളില്‍ അടിയന്തിരമായി പമ്പിങ് നടക്കുകയാണ്. ഒരാഴ്ചയ്ക്കകം വെള്ളം പമ്പുചെയ്തു കളയാനാണുദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ലോട്ടറി പോലെയുള്ള ധനസമാഹരണം സര്‍ക്കാര്‍ വരുമാനം ഉദ്ദേശിച്ചുള്ളതാണ്. ഇതൊരു ഭാഗ്യ പരീക്ഷണമായി കാണേണ്ട. കേരളീയ പൗരന്റെ സംഭാവനയായി കണ്ടാല്‍ മതി. മന്ത്രി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















