യാത്രക്കാര്‍ക്ക് റെയില്‍വേ നല്‍കിവന്നിരുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തലാക്കി

യാത്രക്കാര്‍ക്ക് റെയില്‍വേ നല്‍കിവന്നിരുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തലാക്കി. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് മുഖേന ടിക്കറ്റെടുക്കുന്നവര്‍ക്ക് നല്‍കിവന്നിരുന്ന പരിരക്ഷയാണ് കാരണമൊന്നും ചൂണ്ടിക്കാട്ടാതെ സെപ്റ്റംബര്‍ ഒന്ന് മുതല്‍ അവസാനിപ്പിച്ചത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഡിജിറ്റല്‍ പണമിടപാട് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 2017 ഡിസംബര്‍ മുതലാണ് സൗജന്യ നിരക്കില്‍ ഇന്‍ഷുറന്‍സ് തുടങ്ങിയത്. യാത്രക്കിടയിലെ അപകടങ്ങളില്‍ മരിക്കുന്നവര്‍ക്ക് പരമാവധി 10 ലക്ഷം രൂപവരെയും അംഗവൈകല്യമുണ്ടായാല്‍ 7.5 ലക്ഷം രൂപവരെയും പരിക്കിന് രണ്ട് ലക്ഷവും മറ്റു കഷ്ടനഷ്ടങ്ങള്‍ക്ക് 10,000 രൂപയും വ്യവസ്ഥ ചെയ്തിരുന്നതാണ്.
സൗജന്യസൗകര്യം നിര്‍ത്തലാക്കിയെങ്കിലും താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് വേളയില്‍ ഇനിയും ഇന്‍ഷുറന്‍സ് പരിരക്ഷ തെരഞ്ഞെടുക്കാം. പക്ഷേ, അതിന് പ്രത്യേക തുക നല്‍കേണ്ടിവരും. സ്വകാര്യ ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ വഴിയാണ് പരിരരക്ഷ ഉറപ്പുവരുത്തുന്നത്.സാമ്പത്തിക സ്ഥിതി മോശമാണെന്ന കാരണമുന്നയിച്ച് മുതിര്‍ന്ന പൗരന്മാരുടേതുള്‍പ്പെടെ 53 ഇനം ഇളവുകള്‍ വെട്ടിക്കുറച്ചത് സമീപകാലത്താണ്. അവധിക്കാലങ്ങളില്‍ തിരക്ക് പരിഹരിക്കുന്നതിന് നടത്തിയിരുന്ന സ്‌പെഷല്‍ സര്‍വിസുകള്‍ നിര്‍ത്തലാക്കി പകരം നാലിരട്ടി നിരക്ക് ഈടാക്കുന്ന സുവിധ സ്‌പെഷലുകളിലൂടെ യാത്രക്കാരെ പിഴിയുകയാണ്. മൊത്തം ടിക്കറ്റുകളെ 20 ശതമാനം വീതമുള്ള അഞ്ചു ബ്ലോക്കുകളായി തിരിച്ചാണ് സുവിധയില്‍ ചാര്‍ജ് ഈടാക്കുന്നത്
ബുക്കിങ് ഓരോ 20 ശതമാനം സീറ്റ് പിന്നിടുന്തോറും ചാര്‍ജ് കുതിച്ചുയരുമെന്നതാണ് യാത്രക്കാരുടെ കൈപൊള്ളിക്കുന്നത്. റെയില്‍വേ പുനരുദ്ധാരണത്തിനായി നിയോഗിച്ച ബിവേക് ദേബ്രായി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് സേവനങ്ങളും സൗജന്യങ്ങളും വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി സ്ലീപ്പര്‍കോച്ചിലെ കുട്ടികളുടെ യാത്രാസൗജന്യവും നിര്‍ത്തലാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















