അവബോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; എലിപ്പനി വരാതെ ശ്രദ്ധിക്കാന്‍...

കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ജനങ്ങളും അവബോധരായി. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന കര്‍ശന നിര്‍ദേശങ്ങള്‍ അവര്‍ പാലിച്ചു തുടങ്ങി.
ഇപ്പോഴും പ്രളയ ജലത്തില്‍ എലിപ്പനിയുടെ രോഗാണുക്കളുണ്ട്. പ്രളയജലത്തില്‍ പ്രത്യേകിച്ചും ഇപ്പോള്‍ ക്ഷാരസ്വഭാവം ആര്‍ജിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഇവ ധാരാളമായി കാണും. പ്രളയശേഷം ആവാസ കേന്ദ്രങ്ങളിലേക്ക് കൂട്ടമായി എലികള്‍ എത്താനും സാധ്യതയുണ്ട്. പ്രളയമേഖലയിലുള്ളവര്‍, ദുരിതാശ്വാസ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഇനി പ്രത്യേകം ശ്രദ്ധിക്കണം.
കേരളത്തില്‍ എലിപ്പനിക്കു കാരണമായ മൂന്നിനം എലികളാണ് ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയയുടെ വാഹകര്‍. പെരുച്ചാഴിയും (പന്നിയെലി), നീറ്റെലിയും പുരയെലിയും. ക്ഷാരസ്വഭാവമുള്ള എലിമൂത്രത്തിലൂടെയാണ് രോഗാണു പുറത്തെത്തുന്നതെന്നു വിദഗ്ധര്‍ പറയുന്നു.
ഒരു മില്ലീലിറ്റര്‍ എലിമൂത്രത്തില്‍ നൂറു ദശലക്ഷം രോഗാണുക്കളുണ്ടാകാം. വെള്ളത്തിലൂടെ രോഗങ്ങള്‍ മനുഷ്യശരീരത്തിലെത്തും. മുറിവുകളിലൂടെയും രോമകൂപങ്ങളിലൂടെയും ഇവര്‍ക്ക് ശരീരത്തിലെത്താനാകും. ഏറെനേരം വെള്ളത്തില്‍ നില്‍ക്കുമ്പോള്‍ മൃദുവായ തൊലിയിലൂടെയും രോഗാണുവിന് അകത്ത് പ്രവേശിക്കാനാകും.
പ്രളയജലത്തില്‍ പ്രത്യേകിച്ചും ഇപ്പോള്‍ ക്ഷാരസ്വഭാവം ആര്‍ജിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഇവ ധാരാളമായി കാണും. പ്രളയശേഷം ആവാസകേന്ദ്രങ്ങളിലേക്ക് കൂട്ടമായി എലികള്‍ എത്താനും സാധ്യതയുണ്ട്. പ്രളയമേഖലയിലുള്ളവര്‍, ദുരിതാശ്വാസ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഇനി പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
1. ഒരു കാരണവശാലും എലികളെ തല്ലിക്കൊല്ലാന്‍ ശ്രമിക്കരുത്. എലിയുടെ മൂത്രവും രക്തവും ശരീരശ്രവങ്ങളും വെള്ളത്തില്‍ കലരാനിടയാകും. ചത്ത എലികളെ കൈകൊണ്ട് സ്പര്‍ശിക്കരുത്. കൈയുറകളും മറ്റും ഉപയോഗിക്കണം. കൊല്ലുന്ന എലികളെ വെള്ളത്തിലേക്കു വലിച്ചെറിയരുത്. വെള്ളക്കെട്ടില്ലാത്ത മണ്ണില്‍ കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യണം.
2. വെള്ളം കയറിക്കിടക്കുന്ന വീടുകളിലും വെള്ളക്കെട്ടുകളിലുമുള്ള എലികളെ പിടികൂടാന്‍ നൈലോണ്‍, പ്ലാസ്റ്റിക് വലകള്‍ എന്നിവ വീശാം. എലിമൂത്രം കലര്‍ന്നു എന്നു സംശയിക്കുന്ന ആഹാരവസ്തുക്കള്‍ ഉപയോഗിക്കരുത്. അരിച്ചാക്കുകളിലും മറ്റും എലികള്‍ കയറിയിറങ്ങുന്നുവെങ്കില്‍ അതു നന്നായി കഴുകി ഉണക്കിയശേഷം മാത്രമേ ഉപയോഗിക്കാവൂ.
രോഗാണു മനുഷ്യശരീരത്തിലെത്തി ആറുമുതല്‍ എട്ടു ദിവസത്തിനുള്ളില്‍ ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. പ്രത്യക്ഷ രോഗലക്ഷണങ്ങള്‍ രണ്ടു ഘട്ടങ്ങളായാണ് തിരിച്ചറിയാനാവുക.
ഒന്നാംഘട്ടം: ആദ്യത്തെ ഒരാഴ്ചക്കാലമാണത്. പിന്‍ഭാഗത്തു നിന്നെന്നപോലെ തലവേദന, കഠിനമായ പേശിവേദന, കണങ്കാല്‍ വേദന, പനി, കണ്ണുകളില്‍ പുകച്ചില്‍ തുടങ്ങിയവയാണ് ഈ സമയത്തെ പ്രധാന ലക്ഷണങ്ങള്‍. പനിയുണ്ടാകുമ്പോള്‍ വൈറല്‍ പനിയുടേതോ, മലേറിയയുടേതോ പോലുള്ള ലക്ഷണ ങ്ങളാണ് ഉണ്ടാകുന്നത് എന്നതിനാല്‍ എലിപ്പനിയെന്ന് ഈ ലക്ഷണങ്ങളിലൂടെ നിര്‍ണയിക്കുക സാധ്യമല്ല.
വിറയലുണ്ടാക്കുന്ന പനി, ഛര്‍ദ്ദി, മനംപുരട്ടല്‍, നെഞ്ചുവേദന, മൂത്രത്തില്‍ നേരിയ ചുവപ്പുനിറം, കണ്ണിനു ചുവപ്പുനിറം എന്നീ ലക്ഷണങ്ങള്‍ അഞ്ചാറുദിവസങ്ങളാകുമ്പോഴേക്കും പ്രത്യക്ഷപ്പെടും. എട്ട്, ഒമ്പത് ദിവസമാകുമ്പോഴേക്കും രോഗത്തിനു ശമനമുള്ളതായി തോന്നിക്കുക സാധാരണമാണ്. ഇതിനുശേഷം പെട്ടെന്നു രോഗം മൂര്‍ച്ഛിക്കുകയാണു ചെയ്യുക. ഒമ്പത്, പത്ത് ദിവസത്തോടെയാണ് രണ്ടാംഘട്ട രോഗലക്ഷണം പ്രത്യക്ഷപ്പെടുക.
രണ്ടാംഘട്ട ലക്ഷണങ്ങള്‍ അതികഠിനമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി, പേശികള്‍ വലിഞ്ഞുമുറുകി പൊട്ടിപ്പോകുന്നതുപോലുള്ള വേദന, കണ്ണിനു കടുത്ത ചുവപ്പുനിറം, ചെറിയ ചൊറിച്ചലോടുകൂടിയ തടിപ്പുകള്‍ ത്വക്കില്‍ പ്രത്യക്ഷപ്പെടുക, മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍, മൂത്രത്തില്‍ ചുവപ്പുനിറം എന്നിവയാണ്. മസ്തിഷ്‌ക ചര്‍മ വീക്കം, ഹൃദയകോശ വീക്കം, പിത്തസഞ്ചി വീക്കം, തലച്ചോര്‍ വീക്കം, ആന്തരാവയവങ്ങളില്‍ രക്തസ്രാവം എന്നിവയൊക്കെ അനുബന്ധമായി ഈ ഘട്ടത്തിലുണ്ടാകാം. ഈ അവസ്ഥയില്‍ മരണംവരെ സംഭവിക്കാം.
പ്രതിരോധം
1. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക പ്രതിരോധത്തിനായി കഴിക്കണം.
2. വേപ്പെണ്ണ ജലവുമായി സ്പര്‍ശിക്കാനിടയുള്ള ശരീരഭാഗങ്ങളില്‍ പുരട്ടുന്നത് രോഗാണുബാധ തടയും.
ചികിത്സ
ലെപ്‌റ്റോസ്‌പൈറ നിയന്ത്രിക്കുന്നതില്‍ ഡോക്‌സിസൈക്ലീന്‍ ആണ് വ്യാപകമായി ഉപയോഗിക്കുന്നത്.
രോഗലക്ഷണത്തിന്റെ ഒന്നാംഘട്ടത്തില്‍ ചികിത്സ ലഭിച്ചാല്‍ രോഗം പെട്ടെന്നു ഭേദമാകും.
എന്നാല്‍ രണ്ടാംഘട്ടത്തില്‍ രോഗശമനം എളുപ്പമല്ല. വിവിധ അവയവങ്ങള്‍ക്ക് രോഗാണുബാധയുണ്ടാകുമ്പോള്‍ രോഗാവസ്ഥ സങ്കീര്‍ണമാകും. മരണമുണ്ടാകുന്നത് ഈ അവസ്ഥയിലാണ്.
ഒന്നാംഘട്ടത്തില്‍ വൈറല്‍ പനിയെന്നു കരുതി സ്വയംചികിത്സയുമായി കഴിഞ്ഞ് മൂര്‍ധന്യാവസ്ഥയിലാണ് രോഗി ആശുപത്രിയില്‍ ചികിത്സ തേടുന്നത്. പ്രാഥമികലക്ഷണങ്ങളെ അടിസ്ഥാനമാക്കി എലിപ്പനിയെന്നു സംശയിക്കുന്നെങ്കില്‍ ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത്.
https://www.facebook.com/Malayalivartha






















