മഹാപ്രളയം തീര്‍ത്ത സാമ്പത്തികഞെരുക്കത്തില്‍നിന്നു കരകയറാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേതുള്‍പ്പെടെയുള്ള ഫണ്ടുകള്‍ ട്രഷറിയിലേക്കു തിരികെ കൊണ്ടുവരണമെന്നു ധനവകുപ്പ് നിര്‍ദേശം

മഹാപ്രളയം തീര്‍ത്ത സാമ്പത്തികഞെരുക്കത്തില്‍നിന്നു കരകയറാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേതുള്‍പ്പെടെയുള്ള ഫണ്ടുകള്‍ ട്രഷറിയിലേക്കു തിരികെ കൊണ്ടുവരണമെന്നു ധനവകുപ്പ് നിര്‍ദേശം. നികുതി വരുമാനം ഇടിയുകയും ആറുമാസത്തോളം ഈ നിലതന്നെ തുടരുമെന്ന് വ്യക്തമാകുകയും ചെയ്ത സാഹചര്യത്തിലാണു നീക്കം. കഴിഞ്ഞമാസം 21ന് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അടിയന്തരഫണ്ടുകള്‍ ഇങ്ങനെ കണ്ടെത്താമെന്നാണു സര്‍ക്കാര്‍ കണക്കുകൂട്ടല്‍.
പൊതുമേഖലാസ്ഥാപനങ്ങള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ തുടങ്ങി എല്ലാവരും സര്‍ക്കാര്‍ ഫണ്ടുകള്‍ ട്രഷറിയില്‍ നിക്ഷേപിക്കണമെന്നാണു നിര്‍ദേശം. സര്‍ക്കാര്‍ ഫണ്ട് മാത്രമല്ല, അവരുടെ സ്വന്തം ഫണ്ടുകളും ലാഭവും ട്രഷറിയില്‍ നിക്ഷേപിക്കണം. ട്രഷറി നിക്ഷേപങ്ങളായാണ് ഇവ നിക്ഷേപിക്കണ്ടത് എന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്.
റോഡുകളും പാലങ്ങളും മറ്റും പുതുക്കിപ്പണിയാനും അടിസ്ഥാനസൗകര്യവികസനരംഗത്തെ മറ്റ് അറ്റകുറ്റപണികള്‍ക്കും ഫണ്ട് കൂടിയേ തീരു. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ അല്ലാതെ മറ്റു ഫണ്ടുകളൊന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നില്ല. അതാവട്ടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എടുക്കാനുമാവില്ല. ട്രഷറി അക്കൗണ്ടുകളില്‍ പണം വന്നാല്‍ ഇത്തരം അടിയന്തരാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാം.
നിക്ഷേപകര്‍ക്ക് ആവശ്യം വരുമ്പോള്‍ മടക്കി കൊടുത്താല്‍ മതി. ഇതിനിടയില്‍ വായ്പകളും മറ്റ് സഹായങ്ങളും ലഭ്യമാകുമെന്നം സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഫണ്ടുകള്‍ ട്രഷറിയില്‍നിന്നു പിന്‍വലിച്ച് ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കിയത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിക്കിടയാക്കിയിരുന്നു. ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വി.പി. ജോയിയുടെ ഇതു സംബന്ധിച്ച ഉത്തരവ് വന്‍ വിവാദവും സൃഷ്ടിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളവും കഴിഞ്ഞ സര്‍ക്കാര്‍ ട്രഷറിയില്‍നിന്നു മാറ്റിയിരുന്നു. ഇടതു സര്‍ക്കാര്‍ വന്നശേഷം ശമ്പളം ട്രഷറിയില്‍ നിന്നുതന്നെ വാങ്ങണമെന്നത് നിര്‍ബന്ധമാക്കിയിരുന്നു .
https://www.facebook.com/Malayalivartha






















