സംസ്ഥാന സ്‌കൂള്‍ കലോല്‍സവം വേണ്ടെന്ന് വയ്ക്ക്കാന്‍ തീരുമാനിച്ചതായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം വേണ്ടെന്ന് വയ്ക്ക്കാന്‍ തീരുമാനിച്ചതായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചില മാധ്യമങ്ങളില്‍ വരുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു. പ്രളയക്കെടുതികളെ അതിജീവിച്ചുകൊണ്ട് 'മികവിന്റെ വര്‍ഷം'എന്ന ആശയം യാഥാര്‍ത്ഥ്യമാക്കും വിധം പഠനപാഠ്യേതര പ്രവര്‍ത്തനങ്ങളും പരീക്ഷകളും കൂടുതല്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുനരാവിഷ്‌കരിച്ചു വരുന്നത്.
പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികളുടെ വികാസത്തിനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടു പോകും. സമയക്രമങ്ങളില്‍ മാറ്റം വരുത്തിയേക്കാം. ഇത് സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഈ മാസം ഏഴിനു അധ്യാപക സംഘടനകള്‍ ഉള്‍പ്പ്‌പെടുന്ന ക്യു.ഐ.പി.മോണിറ്ററിംഗ് സമിതി യോഗം ചേര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് അന്തിമ തീരുമാനമെടുക്കുന്നതായിരിക്കും.അതുവരെയും മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങള്‍ പരത്തുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കൊല്ലമില്ലെന്നും ജില്ലാ തലങ്ങളില്‍ കലോത്സവം സംഘടിപ്പിച്ച് ഗ്രേസ്മാര്‍ക്ക് നല്‍കുമെന്നും സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. കലോത്സവം ഉപേക്ഷിക്കുമെങ്കിലും സ്‌കൂള്‍ കായികമേള നടത്തുമെന്നും കാരണം ദേശീയ മീറ്റില്‍ പങ്കെടുക്കേണ്ടതാണെന്നും ചില പത്രങ്ങളിലും വാര്‍ത്തകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
https://www.facebook.com/Malayalivartha






















