ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിരാകരിച്ച മോദി സർക്കാരിന് രാജ്യം നല്കിയ ശക്തമായ താക്കീതാണ് ഭാരത് ബന്ത് ; സാധാരണക്കാർ ജീവിക്കാൻ നെട്ടോട്ടമോടുകയാണെന്ന് ഉമ്മൻചാണ്ടി

ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിരാകരിച്ച മോദി സർക്കാരിന് രാജ്യം നല്കിയ ശക്തമായ താക്കീതാണ് ഭാരത് ബന്ത് എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. ബി.ജെ.പി ഭരണം കോർപറേറ്റുകൾക്ക് വേണ്ടിയാണെന്നും സാധാരണക്കാർ ജീവിക്കാൻ നെട്ടോട്ടമോടുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്തിന്റെ ഭാഗമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റി ഏജീസ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.പി.എ സർക്കാരിന്റെ കാലത്ത് പെട്രോൾ വില വർദ്ധനയ്ക്കെതിരെ സമരം ചെയ്ത ബി.ജെ.പി അന്ന് ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കണം. ബി.ജെ.പിയുടെ ഔദാര്യം ജനങ്ങൾക്ക് വേണ്ട. യു.പി.എ സർക്കാർ ഈ കാര്യത്തിൽ സ്വീകരിച്ച നടപടികൾ തിരികെ കൊണ്ടുവരാൻ മോദി തയ്യാറാകണം. വില നിശ്ചയിക്കാനുള്ള അധികാരം പെട്രോളിയം കമ്പനികൾ ദുർവിനിയോഗം ചെയ്യാതിരിക്കാൻ മൻമോഹൻ സിംഗ് പ്രത്യേകം ശ്രദ്ധിച്ചു. എന്നാൽ നരേന്ദ്ര മോദി കമ്പനികൾക്ക് ഒത്താശ ചെയ്യുന്നു എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു..
https://www.facebook.com/Malayalivartha
























