കലാഭവന്‍ മണിയെ സ്റ്റാറാക്കിയ വിനയന്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ മണിയുടെ മരണകാരണം വെളിപ്പെടുത്തിയത് വിവാദമാകുന്നു... വിനയനെ സി.ബി.ഐ വിളിപ്പിക്കും...

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയനെ സി.ബി.ഐ വിളിച്ചുവരുത്തും. മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ മരണത്തിലേക്ക് നയിച്ചത് ബാല്യകാല സുഹൃത്തെന്നാണ് പറയുന്നത്. ഇതോടെയാണ് വിനയനില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ അന്വേഷണ സംഘം വിളിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്‌ളൈമാക്‌സിലെ വിവാദരംഗങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സി.ബി.ഐയോട് പറയുമെന്ന് വിനയന്‍ പറഞ്ഞു. മണിയെ കൊലപ്പെടുത്തിയതാണെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
അന്വേഷണത്തിന്റെ ഭാഗമായി തരികിട സാബു, ജാഫര്‍ ഇടുക്കി, മണിയുടെ മേക്കപ്പ്മാന്‍ സുധാകരന്‍ തുടങ്ങി നിരവധി പേരെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. കാര്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. ഭൂമിയിടപാടുകളും ബിനാമി പേരില്‍ വാങ്ങിയ വസ്തുക്കളിന്‍മേലുണ്ടായ തര്‍ക്കങ്ങളുമാണ് മരണകാരണമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സിനിമയിലും അതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. മണി മറ്റൊരാളുടെ പേരില്‍ വാങ്ങിയ ഭൂമി താരമറിയാതെ അവര്‍ അഞ്ചിരട്ടിയിലധികം വിലയ്ക്ക് മറിച്ചുവിറ്റു. താരം അതില്‍ ക്ഷുഭിതനായെങ്കിലും നാല് കോടി രൂപ മാത്രം നല്‍കി അവര്‍ പോകുന്നു. ഇനി നമ്മള്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞ് അവര്‍ പോയത് മണിയെ ഏറെ വേദനിപ്പിച്ചതായാണ് സിനിമ പറയുന്നത്. മിമിക്രി കാലം മുതല്‍ മണിയുടെ അടുത്ത സുഹൃത്തായിരുന്ന നടനും ഇക്കാര്യത്തില്‍ മണിക്കൊപ്പം നിന്നില്ലെന്നാണ് വിനയന്‍ പറയുന്നത്.
മറ്റൊരു ഭൂമി ഇടപാടിനായി സഹീര്‍ എന്ന സുഹൃത്തുമായി ചേര്‍ന്ന് മണി 10 കോടി അഡ്വാന്‍സ് നല്‍കിയിരുന്നു. കൃത്യസമയത്ത് ബാക്കി പണം നല്‍കിയില്ലെങ്കില്‍ അഡ്വാന്‍സ് തുക തിരികെ ലഭിക്കില്ലെന്ന് സഹീര്‍ പറയുന്നു. രണ്ട് തെലുങ്ക് പടം അഭിനയിക്കുമ്പോള്‍ മണിക്ക് ആ കാശ് കിട്ടും എന്റെകാര്യം അങ്ങനെയല്ലെന്നും പറയുന്നു. അതോടെ സഹീര്‍ നല്‍കിയ നാല് കോടി കൊടുക്കാന്‍ മണി തയ്യാറാകുന്നു. ബിനാമി ഭൂമി വിറ്റവര്‍ നല്‍കിയ നാല് കോടി സഹീറിന് കൊടുക്കാന്‍ ബാല്യകാല സുഹൃത്ത് രാജുവിനെ മണി ഏല്‍പ്പിക്കുന്നു. എന്നാല്‍ രാജുവിന്റെ ഭാര്യാപിതാവ് ആ പണം കൈക്കലാക്കുന്നു. കണക്കില്ലാത്ത പണമാണെന്ന് അയാള്‍ക്കറിയാമായിരുന്നു. ഇതേ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് മണിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് സിനിമ പറയുന്നത്.
രാജു എന്ന സുഹൃത്ത് കലാഭവന്‍ മണിക്കുണ്ടായിരുന്നോ അതോ സിനിമയ്ക്ക് വേണ്ടി സൃഷ്ടിച്ചതാണോ എന്നറിയില്ല. എന്തായാലും ആ സുഹൃത്താണ് മണിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സിനിമ പറയുന്നു. ഇതിന്റെ സത്യാവസ്ഥ കഥാകൃത്ത് കൂടിയായ സംവിധായകന്‍ വിനയനേ അറിയൂ. സിനിമയുടെ വിജയം മുന്‍നിര്‍ത്തി തയ്യാറാക്കിയ തിരക്കഥയാണോ എന്നൊക്കെ സി.ബി.ഐക്ക് മുന്നില്‍ സംവിധായകന്‍ അറിയിക്കും.
https://www.facebook.com/Malayalivartha


























