ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള കോടതി വിധി പെട്ടെന്ന് നടപ്പാക്കാന്‍ ഒരുങ്ങുന്ന പിണറായി സര്‍ക്കാരിനെതിരെ വ്യാപകപ്രതിഷേധം, പാര്‍ട്ടിയുടെ വോട്ട് ബാങ്കായ ഹിന്ദുക്കളാണ് പടപ്പുറപ്പാട് തുടങ്ങിയിരിക്കുന്നത്

ശബരിമല യുവതികളെ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധി പെട്ടെന്ന് നടപ്പാക്കാനൊരുങ്ങുന്ന പിണറായി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദുക്കളായ സി.പി.എമ്മുകാര്‍ക്ക് തന്നെ സര്‍ക്കാര്‍ നിലപാട് ഇഷ്ടപ്പെട്ടിട്ടില്ല. എതിര്‍പ്പ് മുതലെടുക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ഇടത് മുന്നണിയും ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. തന്റെ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തി പിണറായി സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കിയത് കൊണ്ടാണ് സുപ്രീംകോടതിയില്‍ നിന്ന് ഇങ്ങിനെയൊരു വിധി വന്നതെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചതോടെ കാര്യങ്ങള്‍ യു.ഡി.എഫിന് അനുകൂലമായ രീതിയിലാണ് നീങ്ങുന്നത്.
സര്‍ക്കാരുമായി അടുത്ത് നിന്നിരുന്ന എന്‍.എസ്.എസിനും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്. എസ്.എന്‍.ഡി.പിയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പന്തളം കൊട്ടാരവുമായും തന്ത്രിയുമായും ഹിന്ദുസമുദായ നേതാക്കളുമായും ആലോചിക്കാതെയാണ് ഇങ്ങിനെയൊരു തീരുമാനം കൈക്കൊണ്ടതെന്നതാണ് സര്‍ക്കാരിനെതിരായ പ്രധാന വിമര്‍ശനം. സമുദായ സംഘടനകളെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് ദേവസ്വംബര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ റിവ്യൂഹര്‍ജി നല്‍കുമെന്ന് പറഞ്ഞത്. എന്നാല്‍ തന്നോട് ആലോചിക്കാതെ ഇങ്ങിനെയൊരു തീരുമാനം എടുത്ത പ്രസിഡന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ താക്കീത് നല്‍കി. അതോടെ പ്രസിഡന്റ് തടിതപ്പി.
ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കുകയും മറ്റ് മതവിഭാഗങ്ങളുടെ ആചാരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുകയാണ് സര്‍ക്കാരെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനമുണ്ട്. പാപ്പാത്തി ചോലയില്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാംവെങ്കിട്ടരാമന്‍ നശിപ്പിച്ചപ്പോള്‍, കുരിശില്‍ തൊടാന്‍ ആരാണ് അധികാരം നല്‍കിയത്, ഒരു വാഭാഗത്തെ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചിരുന്നു. അതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഭക്തജനങ്ങള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പന്തളം കൊട്ടാരത്തില്‍ എത്തിയ ദേവസ്വംബോര്‍ഡ് പ്രസിഡന്റിനെ ഭക്തര്‍ കരിങ്കൊടി കാട്ടിയിരുന്നു. വിധി പുശ്ചിച്ച് തള്ളുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ അറിയിച്ചു. വിധിക്കെതിരെ രാഷ്ട്രപതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിവ്യൂഹര്‍ജി നല്‍കാത്ത സര്‍ക്കാരിന്റെ തീരുമാനത്തില്‍ കടുത്ത അതൃപ്തിയാണ് ഭക്തജനങ്ങള്‍ക്കുള്ളത്. അത് മനസിലാക്കിയാണ് കോണ്‍ഗ്രസും ബി.ജെ.പിയും നിലപാട് മാറ്റിയത്. ആര്‍.എസ്.എസ് ഇപ്പോഴും വിധിയെ അനുകൂലിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
യുവതികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ചില വികാരികളും പരസ്യമായി രംഗത്തെത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതോടെ സഭകളും സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സര്‍ക്കാരിനൊപ്പം നിന്ന സഭകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൈവിടുന്ന സ്ഥിതിയിലാണിപ്പോള്‍. അത് മനസിലാക്കിയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടും വിലങ്ങണിയിക്കാഞ്ഞത്.
https://www.facebook.com/Malayalivartha

























