പ്രശസ്ത കവി എം എന്‍ പാലൂര്‍ അന്തരിച്ചു, ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം

പ്രശസ്ത കവി എം എന്‍ പാലൂര്‍ (86) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് ഇദ്ദേഹം . പേടിത്തൊണ്ടന്‍, പച്ചമാങ്ങ, കലികാലം, തീര്‍ത്ഥയാത്ര തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1983ല്‍ കലികാലം എന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കഥയില്ലാത്തവന്റെ കഥ എന്ന ആത്മകഥയ്ക്കാണ് 2013ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചത്.
അദ്ദേഹത്തിന്റെ കവിതകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയാണ് ഉഷസ്സ്. പുതിയ തലമുറയോട് ജീവിതം എന്തെന്നറിഞ്ഞ ഒരു മനുഷ്യന്റെ സന്ദേശമാണ് ഉഷസ്സ്. ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദര്‍ശന ദീപ്തി കൊണ്ടും മലയാളകവിതയില്‍ ഒളി മങ്ങാത്തവയാണ് പാലൂരിന്റെ കവിതയെന്നും ആകര്‍ഷകമായ നര്‍മ്മ ബോധത്തിന്റെ മിന്നല്‍ ചിരി ഇദ്ദേഹത്തിന്റെ ചില കവിതകളില്‍ കാണാം എന്നും ലീലാവതി ടീച്ചര്‍ അഭിപ്രായപ്പെടുന്നു.
വാക്കുകളിലും ചിന്തകളിലും സൗമ്യത കാത്തുസൂക്ഷിക്കുന്ന കവി,ഗര്‍ജിക്കുന്നവരുടെ ലോകത്തു സൗമ്യശീലം ചിന്തയിലും മറ്റും ആവാഹിക്കുന്ന വേറിട്ടൊരു കാവ്യ രീതിയാണ് അവലംബിച്ചിരിക്കുന്നത്
1932 ല്‍ എറണാകുളം ജില്ലയില്‍ പാറക്കടവ് എന്ന സ്ഥലത്തെ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തില്‍ ജനിച്ച ഇദ്ദേഹത്തിനു ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. ചെറുപ്രായത്തില്‍ തന്നെ, പണ്ഡിതനായ കെ പി നാരായണ പിഷാരടിയുടെ കീഴില്‍ സംസ്‌കൃതം അഭ്യസിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴില്‍ കലാമണ്ഡലത്തില്‍നിന്നും കഥകളി അഭ്യസിക്കാനും ഇദ്ദേഹത്തിനു അവസരമുണ്ടായി. പിന്നീട് നാടുവിട്ടു ബോംബെയില്‍ എത്തി. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ 31 കൊല്ലം ഡ്രൈവറായി ജോലിചെയ്ത ശേഷം, 1990 ല്‍ വിരമിച്ചു .ശേഷം കോഴിക്കോട് കോവൂരിലാണു താമസിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha























