പി എസ് സി ഒന്നാം റാങ്കുകാരന് നിയമനം വൈകുന്നതിന്റെ കാരണം തിരക്കി പിഎസ്‌സി ഓഫിസിലെത്തിയപ്പോൾ കേട്ട മറുചോദ്യം ജോലി വേണ്ടെന്ന് എഴുതി തന്നിട്ട് പിന്നെന്തിന് ജോലിതേടി എത്തി? അയൽക്കാരന്റെ ആപ്പിൽ ഒന്നാം റാങ്കുകാരന് സംഭവിച്ചത്...

പി എസ് സിയെ കബളിപ്പിച്ച് ബന്ധുവിന്റെ ജോലി തെറിപ്പിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് ജില്ലാ കോടതിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ നെയ്യാറ്റിൻകര ഇരുമ്പിൽ അഖിൽനിവാസിൽ ജി.അഖിൽ (24) ആണു സംഭവത്തിൽ പിടിയിലായത്. അയൽക്കാരനും, അടുത്ത ബന്ധവുമായ ഉദ്യോഗാർഥിക്കു ജോലി നഷ്ടപ്പെടുത്തിയ സംഭവത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കമ്പനി, കോർപറേഷൻ, ബോർഡുകളിലേക്കു സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ ക്ലറിക്കൽ തസ്തികയിലേക്ക് ടെസ്റ്റ് എഴുതി ഒന്നാം റാങ്ക് നേടിയ ഇരുമ്പിൽ സ്വദേശി അനിൽരാജിനു ലഭിക്കേണ്ടിയിരുന്ന ജോലിയാണ് അഖിൽ വ്യാജ സത്യവാങ്മൂലത്തിലൂടെ തെറിപ്പിച്ചത്. താനാണ് അനിൽ രാജെന്നും, തനിക്കു മെച്ചപ്പെട്ട ജോലി ലഭിച്ചതിനാൽ ഈ ജോലിക്ക് അഡ്വൈസ് മെമ്മോ അയക്കേണ്ടതില്ലെന്നും കാണിച്ചായിരുന്നു അഖിൽ പിഎസ്‌സിക്കു കത്തു നൽകിയത്.
തെളിവിനായി നോട്ടറി പബ്ലിക്കിന്റെ സാക്ഷ്യപത്രവും, ഒരു ഗസറ്റഡ് ഓഫിസറുടെ സർട്ടിഫിക്കറ്റും അതോടൊപ്പം ഹാജരാക്കിയിരുന്നു. ലിസ്റ്റിൽ ഒന്നാം റാങ്ക് ഉണ്ടായിരുന്നിട്ടും നിയമന ഉത്തരവു ലഭിക്കാൻ വൈകുന്നതിന്റെ കാരണം തിരക്കി പിഎസ്‌സി ഓഫിസിലെത്തിയ അനിൽരാജ് കേട്ടത് ഞെട്ടിക്കുന്ന വിവരമായിരുന്നു. ജോലി വേണ്ടെന്ന് എഴുതി തന്നിട്ടു പിന്നെന്തിനു ജോലിതേടി വന്നുവെന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അനിൽരാജിനോടു ചോദിച്ചത്.
പരാതി നൽകിയപ്പോൾ എസ്ഐ. എസ്.സന്തോഷ്കുമാർ നേരിട്ടു നടത്തിയ അന്വേഷണം എത്തി നിന്നതു ബന്ധുവായ അഖിലിലായിരുന്നു. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ ആദ്യം നിഷേധിച്ചെങ്കിലും തെളിവുകൾ ഒന്നൊന്നായി നിരത്തിയപ്പോൾ പിടിച്ചു നിൽക്കാനാവാതെ കുറ്റം സമ്മതിക്കുകയായിരുന്നു. ഒരുമിച്ചു പഠിച്ച അനിൽരാജിനു മെച്ചപ്പെട്ട ജോലി ലഭിച്ചതാണ് പ്രകോപനമായതെന്ന് അഖിൽ കുറ്റസമ്മതം നടത്തിയതായി എസ്ഐ. സന്തോഷ്കുമാർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























