ലൈംഗികാരോപണത്തിൽ കുടുങ്ങിയ മുകേഷിനെതിരെ കേസ് എടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം

മീ ടൂ വെളിപ്പെടുത്തലിൽ കുടുങ്ങിയ നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസ് എടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലാണ് കൊല്ലം സിറ്റി പൊലീസ് നിയമോപദേശം തേടിയത്. സോഷ്യല്‍മീഡിയയിലെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
സിനിമാ സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫാണ് മുകേഷിനെിതരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 19 വര്‍ഷം മുന്‍പ് ചാനല്‍ പരിപാടി ചിത്രീകരണത്തിനിടെ മുകേഷ് ഫോണിലൂടെ മോശമായി പെരുമാറിയെന്നാണ് ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍. ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍, അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തന്റെ മുറി സ്വന്തം മുറിയുടെ തൊട്ടടുത്താക്കാന്‍ ശ്രമിച്ചെന്നും ടെസ് വെളിപ്പെടുത്തിയിരുന്നു. ദുരനുഭവം തന്റെ മേധാവിയായിരുന്ന ഡെറക് ഒബ്രിയനോടു പറഞ്ഞപ്പോള്‍ ആ പരിപാടിയില്‍നിന്ന് ഒഴിവാക്കിത്തന്നുവെന്നും ടെസ് പറഞ്ഞിരുന്നു.
എന്നാല്‍ മുകേഷ് ആരോപണം നിഷേധിച്ചു. ‘അങ്ങനെയൊരു സംഭവം ഓര്‍മയിലില്ല. തെറ്റിദ്ധരിച്ചതാകാനാണു സാധ്യത. ഫോണില്‍ നിരന്തരം വിളിച്ചു ശല്യപ്പെടുത്തി എന്നാണ് ആരോപണം. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. മുകേഷ് കുമാര്‍ എന്നു പറഞ്ഞു മറ്റാരെങ്കിലും വിളിച്ചതാകാം. ടെസ് ജോസഫിനെ കണ്ടതായി ഓര്‍ക്കുന്നില്ല’, മുകേഷ് പറഞ്ഞു.
തന്റെ ഏറ്റവുമടുത്ത സുഹൃത്തും ഗുരുവുമാണ് ഒബ്രിയന്‍. 10 വര്‍ഷം മുന്‍പും ഒബ്രയനെ കണ്ടിരുന്നു. കേരളത്തില്‍ എനിക്കാകെയുള്ള സുഹൃത്ത് മുകേഷ് ആണെന്ന് അദ്ദേഹം തോളില്‍ തട്ടി പറഞ്ഞു. എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ ഒരിക്കലും അദ്ദേഹം സൗഹൃദം പങ്കുവയ്ക്കുമായിരുന്നില്ല. ടെസ് ജോസഫിനെതിരെ മാനനഷ്ടക്കേസ് നല്‍കണോയെന്നു പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും മുകേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha























