ശബരിമല വിഷയം ചർച്ച ചെയ്യാൻ നിയമ സഭ സമ്മേളനം വിളിക്കണമെന്ന ആവശ്യം ഉന്നയിച്ച് പിസി ജോർജ് എംഎൽഎ; ആചാരങ്ങളെ വിലകുറച്ചു കാണുന്ന കമ്യൂണിസ്റ്റുകാർ മോസ്‌കോയിൽ ലെനിന്റെ മൃതദേഹത്തിൽ പുഷ്പവൃഷ്ടി നടത്തുന്നെന്ന് പരിഹസിച്ച് കെ.എൻ.എ.ഖാദർ

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധിയെക്കുറിച്ച് ചർച്ച ചെയ്യാൻ നിയമ സഭ സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി പിസി ജോർജ് എം എൽ എ .ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപെട്ടു കേരളത്തിലെ വിശ്വാസി സമൂഹത്തിൽ നടക്കുന്ന പ്രതികരണങ്ങൾ ചർച്ച ചെയ്യാൻ നിയമസഭാ സമ്മേളനം അടിയന്തരമായി വിളിക്കണമെന്നാണ് പി.സി.ജോർജ് ആവശ്യപ്പെടുന്നത്. ഇടത് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് നിയമസഭാ സമ്മേളനമെന്ന ആവശ്യം ചർച്ചയാക്കുന്നത്.
ആചാരങ്ങളെ വിലകുറച്ചു കാണുന്ന കമ്യൂണിസ്റ്റുകാർ എന്തുകൊണ്ടാണ് മോസ്‌കോയിൽ ലെനിന്റെ മൃതദേഹത്തിൽ പുഷ്പവൃഷ്ടി നടത്തുന്നതെന്നു കെ.എൻ.എ.ഖാദർ എംഎൽഎ ചോദിച്ചു. അയ്യന്തോൾ മേഖലയിലെ അയ്യപ്പസേവാ സംഘങ്ങൾ നടത്തിയ ശബരിമല സംരക്ഷണ നാമജപയാത്രയുടെ സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു ഖാദർ. ശബരിമലവിഷയം ചർച്ച ചെയ്യാൻ സർക്കാർ ഉടൻ നിയമസഭാ സമ്മേളനം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭക്തരുടെ വികാരത്തെ അങ്ങാടിയിൽ കലഹത്തിനായി വിട്ടു നിലപാടിൽ അപ്പുറവും ഇപ്പുറവും ചാഞ്ചാടുകയാണു സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
അയ്യപ്പഭക്തരുടെ വികാരം സുപ്രീം കോടതിയെ ധരിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനാലാണു സുപ്രീം കോടതിവിധി ഭക്തർക്കെതിരായത്. കോടതിവിധിയോടുള്ള അനുസരണയും ഭക്തിയും ഇടതുപക്ഷം എപ്പോഴാണു തുടങ്ങിയതെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയിൽ നിലവിലുള്ള ആചാരങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകൾ, ക്ഷേത്ര കമ്മിറ്റികൾ എന്നിവ ചേർന്നുള്ള ശബരിമല കർമസമിതി നടത്തുന്ന പ്രതിഷേധങ്ങൾ ശക്തമാവുന്നതിന് ഇടയിൽ ആണ് നിയമ സാമാജികരുടെ തന്നെ പുതിയ പ്രസ്‌താവനകൾ . ഇതോടെ ശബരിമല വിഷയത്തിൽ പുതിയ മാനം കൈവരുകയാണ്.
https://www.facebook.com/Malayalivartha
























